പുന്നപ്ര-വയലാർ വാരാചരണത്തിനിടെ വിനോദയാത്ര നടത്തി നേതാക്കൾ
text_fieldsആലപ്പുഴ: പുന്നപ്ര-വയലാർ സമരവാരാചരണം വഴിപാടാക്കി ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ വിനോദയാത്രക്ക് പോയത് വിവാദമാകുന്നു.
അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതെ ഏരിയ കമ്മിറ്റി അംഗവും 15 ഓളം പ്രാദേശിക നേതാക്കളും വിനോദയാത്രക്ക് പോയതായാണ് പരാതി ഉയരുന്നത്. ഇതുസംബന്ധിച്ച് ആലപ്പുഴ നഗരത്തിലെ സി.പി.എം പ്രവർത്തകർ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിനോദയാത്രയുടെ ദൃശ്യങ്ങൾ അടക്കം പരാതിനൽകി.
ജില്ലയിൽ പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ടതും വൈകാരികത ഏറെയുള്ളതുമായ പരിപാടിയാണ് പുന്നപ്ര-വയലാർ രക്തസാക്ഷി അനുസ്മരണം. എല്ലാവർഷവും നടക്കുന്ന പരിപാടിയായതിനാൽ തീയതിയും നേരത്തേ തന്നെ വ്യക്തമാണ്. എന്നിട്ടും പങ്കെടുക്കാതെ വാഗമണ്ണിൽ ടൂർ പോയതാണ് പരാതിക്കും വിമർശനത്തിനും ഇടയാക്കുന്നത്.
യാത്രപോയവരിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉണ്ട്. അനുസ്മരണ പരിപാടിയുടെ പ്രചാരണാർഥം കൊടിതോരണം കെട്ടിയതുപോലും പേരിന് മാത്രമായിരുന്നുവെന്നും പരാതികളുയരുന്നു. അനുസ്മരണത്തിന്റെ ഭാഗമായി നടന്ന ദീപശിഖ റാലിയിൽ വനിതകളെ അശുദ്ധി കൽപിച്ച് മാറ്റിനിർത്തിയെന്ന വിവാദത്തിന് പിന്നാലെയാണ് അനുസ്മരണം വഴിപാടാക്കിയെന്നും പാർട്ടി നേതാക്കൾ വിനോദയാത്രപോയെന്നുമുള്ള പരാതി ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.