സ്കൂൾ തുറക്കൽ സൂപ്പർമാർക്കറ്റുമായി നഗരസഭ ആവശ്യമുള്ളത് എടുത്ത് മടങ്ങാം
text_fieldsആലപ്പുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പുനരുപയോഗ സാധനങ്ങളായ സ്കൂൾ ബാഗും കുടയും ചോറ്റുപാത്രങ്ങളും മാത്രമല്ല, വീട്ടുപകരങ്ങൾവരെയുള്ള ഏതുസാധനവും സൗജന്യമായി എടുത്ത് മടങ്ങാൻ കഴിയുന്ന സൂപ്പർമാർക്കറ്റുമായി ആലപ്പുഴ നഗരസഭ. നിർമല ഭവനം നിർമല നഗരം 2.0, അകഴകോടെ ആലപ്പുഴ കാമ്പയിന്റെ ഭാഗമായി ‘സൂപ്പർ സ്വാപ്പർ’ എന്നപേരിൽ ഈമാസം 30, 31 തീയതികളിൽ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിലാണ് വേറിട്ട പുനരുപയോഗ ശൃംഖല.
സ്കൂൾ തുറപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കുട്ടികൾക്ക് പുതിയ കുടവാങ്ങുമ്പോൾ പഴയത് മൂലയിരിക്കും. പഴയ ബാഗിന്റെ സ്ഥാനം ഷെൽഫിലേക്കും ചോറ്റുപാത്രം അടുക്കളയുടെ കോണിലേക്കും ഒതുങ്ങും. മാസങ്ങൾ കഴിഞ്ഞാൽ ഇവ മാലിന്യമായി മാറും. ഇത് പുനരുപയോഗത്തിന് എന്തുകൊണ്ട് വിട്ടുനൽകുന്നില്ലെന്ന ചിന്തയിൽനിന്നാണ് ഇത്തരം ആശയം പിറവിയെടുത്തതെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ പറഞ്ഞു.
ഈമാസം 26, 27 തീയതികളിൽ നഗരത്തിലെ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥികളിൽനിന്ന് നഗരസഭ അധികൃതർ സ്കൂളിലെത്തി ഉപയോഗം കഴിഞ്ഞ വസ്തുക്കൾ ഏറ്റെടുക്കും. ബാഗും കുടയും അടക്കമുള്ളവ ശേഖരിച്ച് നഗരചത്വരത്തിൽ ഏർപ്പെടുത്തിയ സൂപ്പർ സോർട്ടിങ് ഫെസിലിറ്റിയിൽ എത്തിക്കും.
തുടർന്ന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ശേഖരിച്ച വസ്തുക്കൾ തരംതിരിച്ച് പുനരുപയോഗത്തിന് സജ്ജമാകും.
ഇതിൽ വീട്ടുപകരണങ്ങളുമുണ്ടാകും. രണ്ടുദിവസം സൂപ്പർമാർക്കറ്റായി മാറുന്ന ടൗൺഹാളിലേക്ക് എത്തുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് എടുത്തുമടങ്ങാമെന്ന രീതിയിലാണ് ക്രമീകരണം. ഈ പുനരുപയോഗ ശൃംഖയിലൂടെ നഗരമാലിന്യത്തിന്റെ തോതും കുറക്കാനാകും. കമ്പോള സ്വാധീനത്തിൽ മയങ്ങാതെ ‘സൂപ്പർ സ്വാപ്പർ’ പദ്ധതിയിലൂടെ ശേഖരിക്കുന്ന പഴയവസ്തുക്കൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.