ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു ഇനി ശിശുക്ഷേമസമിതിയുടെ തണലിൽ
text_fieldsആലപ്പുഴ: കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു ഇനി ശിശുക്ഷേമസമിതിയുടെ തണലിൽ. 12 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ കുഞ്ഞിനെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. പരിചരിച്ച ശിശുരോഗ വിദഗ്ധ ഡോ. സംഗീത ജോസഫ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ശിശുക്ഷേമസമിതി ഏറ്റെടുത്തത്. സി.ഡബ്ല്യു.സി പ്രതിനിധികളായ കെ.ആർ. ശ്രീലേഖ, ഗീത തങ്കമണി, ജില്ല ശിശുസംരക്ഷണ ഓഫിസർ സി.വി. മിനിമോൾ, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഷാജി, ഡോ. എസ്. നീന, ഹെഡ് നഴ്സ് റെയിച്ചൽ എന്നിവരിൽനിന്നും ജില്ല ശിശുക്ഷേമ സമിതി ഭാരവാഹികളായ നസീർ പുന്നക്കൽ, കെ.നാസർ, ശ്രീദേവി എന്നിവർ ചേർന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ജില്ല ശിശുസംരക്ഷണ ഓഫിസിലെ കൗൺസിലർ അനുജയിംസും ഒപ്പമുണ്ടായിരുന്നു.
ഈമാസം ഒമ്പതിന് രാവിലെ 11ന് തുമ്പോളി വികസന ജങ്ഷനുസമീപത്തെ കുറ്റിക്കാട്ടിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് ഒരുമണിക്കൂർ പ്രസവരക്തസ്രാവത്തോടെ ആശുപത്രിയിൽ ചികിത്സതേടിയ യുവതി ആദ്യം മാതൃത്വം നിഷേധിക്കുകയും പിന്നീട് പൊലീസ് ചോദ്യംചെയ്തപ്പോൾ സമ്മതിക്കുകയുമായിരുന്നു. എന്നാൽ, ഭാര്യ ഗർഭിണിയാണെന്ന വിവരം തനിക്ക് അറിയില്ലെന്നായിരുന്നു ഭർത്താവ് പൊലീസിന് നൽകിയ മൊഴി.
കുഞ്ഞിനെ ഉപേക്ഷിച്ചതിന് പിന്നിൽ യുവതിക്ക് ആരുടെയെങ്കിലും പ്രേരണയും സഹായവും കിട്ടിയതടക്കമുള്ള കാര്യവും ഫോൺരേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം കുട്ടിയുടെ മാതൃത്വം തെളിയിക്കാൻ പൊലീസ് ഡി.എൻ.എ പരിശോധനക്ക് അയച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തുമ്പോളി വാർഡ് കൗൺസിലർ ഡോ. ലിന്‍റ ഫ്രാൻസിസ്, ഗീതു ജോണി, രേഷ്മ ദീപു എന്നിവർ കലക്ടർക്ക് പരാതി നൽകി. തുടർന്ന് അന്വേഷണം ഊർജിതമാക്കാൻ കലക്ടർ വി.ആർ. കൃഷ്ണതേജ പൊലീസിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.