കടലേറ്റം ഒറ്റമശ്ശേരിയെ സംരക്ഷിക്കും -മന്ത്രി പി. പ്രസാദ്
text_fieldsആലപ്പുഴ: ഒറ്റമശ്ശേരി തീരം സംരക്ഷിക്കാനുള്ള തുടർപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ മന്ത്രി പി. പ്രസാദ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശംനൽകി. ഒറ്റമശ്ശേരിയിൽ പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു നിർദേശം.
ടെട്രാപോഡുകളുടെ ലഭ്യത ഉറപ്പാക്കാൻ കരാറുകാരോട് മന്ത്രി നിർദേശിച്ചു. ഇതിനായി പ്രദേശത്ത് നിരത്തുന്നതിന് ആവശ്യമായ ടെട്രാപോഡുകളുടെ എണ്ണമെടുക്കാനും നിലവിൽ കരിങ്കല്ലുള്ള ഭാഗത്ത് ടെട്രാപോഡുകൾ സ്ഥാപിച്ച് തീരം കടലേറ്റത്തിൽനിന്ന് സംരക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. കിഫ്ബി, വൻകിട ജലസേചന വകുപ്പ്, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെന്റ് കോർപറേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന്റെ തുടർനടപടി വേഗത്തിലാക്കാനാണ് കലക്ടറേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ടെട്രാപോഡുകളുടെ നിർമാണം ഈമാസം 20ന് പുനരാരംഭിക്കും. നിർമാണത്തിനാവശ്യമായ യന്ത്രസാമഗ്രികളും വാഹനങ്ങളും ഉടൻ എത്തിക്കും. കാലഹരണപ്പട്ട കടൽഭിത്തിയുടെ അറ്റകുറ്റപ്പണി നടത്തുന്ന കാര്യവും ചർച്ചയായി. അന്ധകാരനഴി സംബന്ധിച്ച് ഫിഷറീസ്, ജലസേചന മന്ത്രിമാരുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
കലക്ടർ ഹരിത വി.കുമാർ, ഫാ. സേവ്യർ കുടിയാംശ്ശേരി, ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻ, എ.ഡി.എം. എസ്. സന്തോഷ്കുമാർ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ആശ സി.എബ്രഹാം, കിഫ്ബി, വൻകിട ജലസേചനം, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.