രണ്ടാം കൃഷിയുടെ നെല്ലുവില കിട്ടിയില്ല; പുഞ്ചക്കർഷകർ പ്രതിസന്ധിയിൽ
text_fieldsആലപ്പുഴ: രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും നെല്ലുവില കിട്ടാത്ത കർഷകർ പുഞ്ചകൃഷിക്ക് ഇറങ്ങുന്നത് അനിശ്ചിതത്വത്തിൽ. ജില്ലയിൽ 4,049 കർഷകർക്കായി 34 കോടി രൂപയാണ് കിട്ടാനുള്ളത്.പുഞ്ചകൃഷിക്കു വിതച്ച് 22 ദിവസത്തിലേറെ പിന്നിടുമ്പോൾ കളനാശിനി തളിക്കാനും വളമിടാനും പണമില്ലാതെ വിഷമിക്കുകയാണ്. 9,681 ഹെക്ടറിലാണ് രണ്ടാംകൃഷി.
13,072 കർഷകരിൽനിന്നായി 43,811 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 9,023 കർഷകർക്കായി 89.11 കോടി കൊടുത്തതായി അധികൃതർ പറയുന്നു. ബാക്കിയുള്ളവർക്കാണ് പണം കിട്ടാനുള്ളത്. തുക ഒരാഴ്ചക്കകം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ബുധനാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കരിനില കാർഷിക മേഖലയിൽ മണ്ണിന്റെ പുളി കുറക്കാൻ നീറ്റുകക്ക കിട്ടാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു.കരിനില വികസന ഏജൻസി വഴിയായിരുന്നു നീറ്റുകക്ക നൽകിയിരുന്നത്. ഏതാനും വർഷമായി കൃഷിഭവൻ നേരിട്ടാണു വിതരണം. ഫണ്ടില്ലാത്തതിനാൽ നീറ്റുകക്ക നൽകാൻ പദ്ധതിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മോട്ടോറുകൾ കത്തി; പെരുവേലിച്ചാൽ പുഞ്ചയിലെ 800 ഏക്കർ നെൽകൃഷി മുങ്ങി
ചാരുംമൂട്: പെരുവേലിച്ചാൽ പുഞ്ചയിലെ 800 ഏക്കറോളം പാടശേഖരത്തിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങിനശിക്കുന്നു. വെള്ളം വറ്റിക്കാൻ പുഞ്ചയിലെ പടിഞ്ഞാറെ ബ്ലോക്കിലുണ്ടായിരുന്ന രണ്ടു മോട്ടോർ കഴിഞ്ഞദിവസം കത്തിനശിച്ചതാണ് പ്രതിസന്ധിക്കു കാരണം. ചുനക്കര, നൂറനാട്, തഴക്കര പഞ്ചായത്തുകളിലായാണ് പുഞ്ച വ്യാപിച്ചുകിടക്കുന്നത്.
മോട്ടോർ തറയുടെ മുകളിൽക്കൂടിയുള്ള ലോ ടെൻഷൻ വൈദ്യുതിലൈനിൽ 110 കെ.വി ലൈൻ പൊട്ടിവീണതിനെത്തുടർന്ന് അധിക വൈദ്യുതിപ്രവാഹമുണ്ടായാണ് മോട്ടോറുകൾ കത്തിനശിച്ചത്. കെ.ഐ.പി, പി.ഐ.പി കനാലുകളിൽനിന്നുള്ള വെള്ളംകൂടി പുഞ്ചയിലെത്തിയതോടെ കൃഷി വെള്ളത്തിൽ മുങ്ങി. മോട്ടോറുകൾ നന്നാക്കി പമ്പിങ് പുനരാരംഭിക്കണമെങ്കിൽ ദിവസങ്ങളെടുക്കുമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.