അക്രമികൾ ലക്ഷ്യമിട്ട വാഹനം മാറിപ്പോയി; സമീപത്തെ ഓട്ടോറിക്ഷക്ക് തീയിട്ടു
text_fieldsആലപ്പുഴ: യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനൊടുവിൽ അക്രമികൾ കത്തിക്കാൻ ലക്ഷ്യമിട്ട വാഹനം മാറിപ്പോയി. സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു ഓട്ടോക്ക് തീയിട്ടു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്തു. ഞായറാഴ്ച പുലർച്ച രണ്ടിന് ആലപ്പുഴ നഗരസഭ മംഗലം വാർഡിലാണ് സംഭവം. മംഗലംവാർഡ് അരശ്ശേരിവീട്ടിൽ വിനോദിന്റെ (ജോസ്) ഡീസൽ ഓട്ടോയാണ് പൂർണമായും കത്തിനശിച്ചത്. തീയാളുന്നത് കണ്ട് വീട്ടുകാർ ഉണർന്നെങ്കിലും കെടുത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്.
ഓട്ടോഡ്രൈവർ സുനിയപ്പൻ എന്ന യേശുദാസും പരിസരവാസികളായ രണ്ടുയുവാക്കളും കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. വഴക്ക് സംഘർഷത്തിലായതോടെ പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. തുടർന്ന് യേശുദാസിനെ ആക്രമിക്കുമെന്നും ഓട്ടോ കത്തിക്കുമെന്നും വെല്ലുവിളിച്ചാണ് രണ്ടംഗസംഘം മടങ്ങിയത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് വെല്ലുവിളിയെന്നും പറയപ്പെടുന്നു. രാത്രിയിൽ വാഹനം പാർക്ക് ചെയ്യുന്ന വഴിയിൽ എത്തിയ സംഘം ഇവർ യേശുദാസിന്റേതാണെന്ന് കരുതി വിനോദിന്റെ ഓട്ടോക്ക് തീവെച്ചു. പതിവായി ഈ റോഡിലാണ് രണ്ടുപേരും ഓട്ടോ പാർക്ക് ചെയ്യുന്നത്.
അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ കെ.ആർ. അനിൽകുമാർ, പി. രതീഷ്, പി.എഫ്. ലോറൻസ്, പി.പി. പ്രശാന്ത്, ജസ്റ്റിൻ ജേക്കബ്, യേശുദാസ് അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് തീകെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.