പടയോട്ടം അവസാനിച്ചു:'പടക്കപ്പൽ' ആലപ്പുഴക്ക് സ്വന്തം
text_fieldsആലപ്പുഴ: നാവികസേനയുടെ പടക്കപ്പൽ ഇനി ആലപ്പുഴക്ക് സ്വന്തം. 25 മീ. നീളവും 60 ടൺ ഭാരവുമുള്ള ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി -81) പടക്കപ്പലിെൻറ പടയോട്ടം അവസാനിക്കുന്നത് കാണാൻ വൻ ജനാവലിയാണ് കടപ്പുറത്ത് തടിച്ചുകൂടിയത്. മുംബൈയിൽനിന്ന് കടൽമാർഗം കൊച്ചിയിലേക്കും അവിടെനിന്ന് ജലമാർഗം തണ്ണീർമുക്കത്തേക്കും എത്തിച്ച് പ്രത്യേക വാഹനത്തിൽ റോഡ് മാർഗം ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നതിനിടെയുണ്ടായ തടസ്സങ്ങൾ പഴങ്കഥയാക്കിയാണ് ഇനിയുള്ള വിശ്രമജീവിതം. റെയിൽവേ ലെവൽക്രോസ് കടന്ന് ശനിയാഴ്ച പുലർച്ച കടപ്പുറത്തെത്തിയ കപ്പൽ കാണാൻ അതിരാവിലെ മുതൽ തിരക്കായിരുന്നു.
ശനിയാഴ്ച രാവിലെ 9.30ന് കപ്പൽ മാറ്റുന്ന ജോലികൾക്ക് തുടക്കമായി. കപ്പൽ വഹിച്ചുകൊണ്ടുള്ള വാഹനം കടൽപാലത്തിന് സമീപത്തെ റോഡിലേക്ക് പിന്നാട്ടെടുത്തു. പുള്ളറിൽനിന്ന് കപ്പലിെൻറ വെൽഡിങ് ഗ്യാസ് കട്ടർ ഉപയോഗിച്ച് വേർപ്പെടുത്തുന്നതായിരുന്നു ആദ്യഘട്ടം. ഇതിനുശേഷം 300 ടൺ വഹിക്കാൻ ശേഷിയുള്ള വലിയ ക്രെയിനെത്തിച്ച് ഇരുമ്പുകൊളുത്ത് ഘടിപ്പിച്ച് കപ്പൽ ഉയർത്താനുള്ള നടപടി പൂർത്തിയാക്കി. ഉച്ചക്ക് 12.40ന് ക്രെയിനിെൻറ സഹായത്തോടെ കപ്പൽ ഉയർത്തി. കടപ്പുറത്ത് പ്രത്യേക സജ്ജമാക്കിയ പ്ലാറ്റ്ഫോം ലക്ഷ്യമിട്ടായിരുന്നു ആ യാത്ര. അരമണിക്കൂറിലേെറ സമയമെടുത്ത് ഉച്ചക്ക് 1.15ന് പ്ലാറ്റ്ഫോമിൽ കപ്പൽ ഉറപ്പിച്ചതോടെയാണ് ഏറെനാളുകൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കക്കും വിരാമമായത്. ആദ്യപടിയായി കപ്പൽ പ്ലാറ്റ്ഫോമിൽ ഉറപ്പിക്കുന്നതിനായി ഇഷ്ടികകൾ ഉറപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. കരാറെടുത്ത മുംബൈയിലെ വൈറ്റ് ലൈൻ എൻറർപ്രൈസസാണ് സുരക്ഷയൊരുക്കി ഏറെ പ്രതിസന്ധി മറികടന്ന് കപ്പൽ കടൽതീരത്ത് എത്തിച്ചത്.
എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ അടക്കം ജനപ്രതിനിധികളും തുറമുഖ വകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പൈതൃകപദ്ധതി പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
കപ്പൽ കാണാൻ കാത്തിരിക്കണം
കടപ്പുറത്ത് കപ്പൽ സ്ഥാപിെച്ചങ്കിലും പൊതുജനങ്ങൾക്ക് കാണാൻ ഇനിയും കാത്തിരിക്കണം. സുരക്ഷക്കൊപ്പം കുടുതൽ സൗകര്യങ്ങൾ ഒരുക്കിയശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാകൂ. ഇതിന് മൂന്നുമാസത്തിലേറെ വേണ്ടിവരുമെന്നാണ് പ്രാഥമികനിഗമനം.
കപ്പലിലേക്ക് ആളുകൾക്ക് കയറുന്നതിന് പടിക്കെട്ടുകൾ, ചുറ്റും പുൽത്തടികൾ, ബാരിക്കേഡുകൾ, സുരക്ഷ ഓഫിസ്, ശൗചാലയങ്ങൾ അടക്കം സംവിധാനം ഒരുക്കും. നിർമാണാനുമതി കിട്ടിയശേഷം പ്രവൃത്തികൾ ആരംഭിക്കും. 24 മണിക്കൂർ സുരക്ഷ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മേൽപാലം വഴി കപ്പലിലേക്ക് കയറുന്നതിന് സൗകര്യമൊരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ആലപ്പുഴ പൈതൃക പദ്ധതിയിലൂടെ കോവിഡാനന്തരം കൂടുതൽ വിനോദസഞ്ചാരികെള ആകർഷിക്കുന്ന പദ്ധതികളും ആലോചനയിലുണ്ട്.
ആർപ്പുവിളിച്ചും പടക്കംപൊട്ടിച്ചും ആഘോഷം
കടപ്പുറത്ത് സ്ഥാപിച്ച 'യുദ്ധക്കപ്പൽ' കാണാനും ചരിത്രനിമിഷത്തിന് സാക്ഷികളാകാനും എത്തിയത് വൻ ജനക്കൂട്ടം. രാവിലെ മുതൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കപ്പൽകാഴ്ച കാണാൻ സ്ഥലത്തെത്തിയിരുന്നു.പുള്ളറിൽനിന്ന് വേർപെടുത്തുന്നത് മുതൽ ക്രെയിനിൽ ഉയർത്തി സ്ഥാപിക്കുന്നവരെ ഒാരോ നിമിഷവും ഒപ്പിയെടുത്തും സെൽഫിയെടുത്തും മണിക്കൂറുകളാണ് ചെലവഴിച്ചത്. അവസാന നിമിഷം കപ്പല്‍ പ്ലാറ്റ്ഫോമില്‍ ഉറപ്പിച്ചനിമിഷം ആഘോഷത്തിന് വഴിമാറി. ചുറ്റുംനിന്നവർ ആർപ്പുവിളിച്ചും കൈയടിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷിച്ചത്. ഒടുവിൽ മധുരം വിളമ്പാനും മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.