ആറാട്ടുപുഴയിൽ ജലനിരപ്പ് ഉയർന്നു
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴയിലും മുതുകുളത്തും പരിസര പ്രദേശങ്ങളിലും താഴ്ന്ന സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നു. പലയിടത്തും മരം വീണു വൈദ്യുതി തടസ്സപ്പെട്ടു. ആറാട്ടുപുഴ കിഴക്കേക്കരയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
മുതുകുളം മൂന്നാം വാർഡ് ഉദയാലയത്തിൽ സജിതയുടെ വീടാണ് തകർന്നത്. വീടിനു പിറകുവശം നിന്ന ആഞ്ഞിലിയാണ് കടപുഴകിയത്. രണ്ടു മുറികൾക്ക് പൂർണമായും നാശമുണ്ടായി. ഒട്ടേറെ വീടുകളുടെ പരിസരവും ഗ്രാമീണ റോഡുകളുമെല്ലാം വെളളം കയറിയ നിലയിലാണ്. മുതുകുളം 15-ാം വാർഡ് അച്ചാമമുക്കിനു തെക്കുഭാഗത്തുണ്ടായ വെളളക്കെട്ടിനു പഞ്ചായത്തംഗം എ. സുനിതയുടെ നേതൃത്വത്തിൽ നീരൊഴുക്ക് സുഗമമാക്കി പരിഹാരം കണ്ടു.
കണ്ടല്ലൂർ 13-ാം വാർഡിലെ പടിഞ്ഞാറൻ മേഖലയിലെ വെളളം ഒഴുക്കിവിടാനായി പഞ്ചായത്തംഗം സുനി വിജിത്തിന്റെ നേതൃത്വത്തിൽ തോടു വൃത്തിയാക്കി.കണ്ടല്ലൂർ തെക്ക് ഷാപ്പ് മുക്കിനു വടക്കു പടിഞ്ഞാറായി പതിനഞ്ചോളം വീടുകൾ വെളളത്തിൽ മുങ്ങി. കാർത്തികപ്പളളി സെക്ഷൻ ഓഫിസിനു തെക്കുവശത്തായി ചിങ്ങോലി ഒന്നാം വാർഡിലും നാലോളം വീടുകൾ വെളളത്തിൽ മുങ്ങിയ നിലയിലാണ്. മരം വീണു മുതുകുളത്ത് നാല് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. തടസ്സപ്പെട്ട വൈദ്യുതി വിതരണം മിക്ക സ്ഥലങ്ങളിലും പുന:സ്ഥാപിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.