പിറന്നാൾ ആഘോഷത്തിനിടെ മാലമോഷണം; പ്രതിയെ പൊക്കിയപ്പോൾ ‘ഒതുക്കി’ പാർട്ടിക്കാർ
text_fieldsആലപ്പുഴ: നഗരസഭ ജീവനക്കാർ പങ്കെടുത്ത പിറന്നാൾ ആഘോഷത്തിനിടെ ജീവനക്കാരന്റെ സ്വർണമാല നഷ്ടമായി. നാടകീയമായി ‘മോഷ്ടാവിനെ’ കണ്ടെത്തി.
ഒടുവിൽ മാല ഉടമസ്ഥനെ തിരികെയേൽപിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനാണ് സംഭവത്തിന് പിന്നിലെന്നാണ് പിന്നാമ്പുറക്കഥകൾ. ജൂലൈ 25ന് ആലപ്പുഴ ജവഹർ ബാലഭവനിലായിരുന്നു സംഭവം. നഗരസഭ സ്ഥിരംസമിതി അധ്യക്ഷയുടെ മകന്റെ പിറന്നാൾ ആഘോഷത്തിൽ ഉദ്യോഗസ്ഥരടക്കം കുറച്ചാളുകൾ മാത്രമാണ് പങ്കെടുത്തത്.
ഇതിനിടെയാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്റെ മൂന്നു പവന്റെ മാല നഷ്ടമായത്. ഹാളിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സൗത്ത് പൊലീസിൽ പരാതി നൽകി.
ആഘോഷം സംഘടിപ്പിച്ച വനിത കൗൺസിലർ സംഭവത്തെകുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. ‘‘ബാലഭവൻ സ്കൂളിനും എസ്.ഡി.വി സ്കൂളിനുമിടയിൽ ഒരു സ്വർണമാല നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി അറിയിക്കുക. പാതിതോഷികം നൽകുന്നതാണ്. നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കുക’’ എന്നതായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്. ഇതിന് പിന്നാലെയാണ് സംഭവങ്ങൾ മാറി മറിഞ്ഞത്.
മാല മോഷ്ടിച്ചയാൾ നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ മാല പണയപെടുത്താൻ എത്തി. ഇവിടെ ജോലിചെയ്യുന്ന മറ്റൊരു ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഭാര്യ മാല കണ്ടപ്പോൾ തിരിച്ചറിഞ്ഞു. വാട്സ്ആപ് ഗ്രൂപ്പിൽ മാലയുടെ ചിത്രം ഇവർ കണ്ടിരുന്നു. മാലമോഷണ കഥ അറിയാവുന്ന ഇവർ വിവരം അറിയിച്ചതോടെ കള്ളനെ കൈയോടെ പൊക്കി. എങ്കിലും പ്രതിയെ പൊലീസിൽ ഏൽപിച്ചില്ല. പാർട്ടിക്കാരും നഗരസഭ അധികൃതരും ഇടപെട്ട് മാലതിരികെ നൽകി പ്രശ്നം പരിഹരിച്ചതെന്നാണ് വിവരം. ‘‘അറിഞ്ഞോ ബ്രാഞ്ച് മാല വിഴുങ്ങി’ എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിലും മോഷണസംഭവം പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.