കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണം; ശാഖകള്‍ പൊലീസില്‍ പരാതി നല്‍കും
text_fieldsചേര്‍ത്തല: കേരള ബാങ്കിന്റെ താലൂക്കിലെ വിവിധ ശാഖകളില്‍നിന്നും പണയസ്വര്‍ണം മോഷണംപോയ സംഭവത്തിൽ പൊലീസ് അേന്വഷണം വരും.ഇതുമായി ബന്ധപ്പെട്ട് ബാങ്കുതല അന്വേഷണത്തെ തുടര്‍ന്ന് ഏരിയ മാനേജര്‍ മീരാമാത്യുവിനെ കഴിഞ്ഞ ദിവസം സർവിസില്‍നിന്നും സസ്പെന്‍ഡുചെയ്തിരുന്നു.
മോഷണത്തെക്കുറിച്ച് സ്വര്‍ണം നഷ്ടപ്പെട്ട ശാഖകള്‍ അടുത്ത ദിവസം പൊലീസില്‍ പരാതി നല്‍കും. നഗരത്തിലെ നടക്കാവ് ശാഖയും ചേര്‍ത്തല പ്രധാന ശാഖയും ചേര്‍ത്തല പൊലീസിനും പട്ടണക്കാട് ശാഖ പട്ടണക്കാട് പൊലീസിലുമാണ് പരാതി നല്‍കുന്നത്.നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ യഥാര്‍ഥ കണക്കുകള്‍ തിട്ടപ്പെടുത്താനുള്ള കാലതാമസമാണ് പരാതി നല്കാന് തടസ്സമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള നീക്കങ്ങള്‍ ആരോപണ വിധേയയുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ചേര്‍ത്തലയിലെ നടക്കാവ്, പ്രധാന ശാഖ, പട്ടണക്കാട്എന്നിവിടങ്ങളില്നിന്നും സ്വര്‍ണം മോഷണം പോയതായാണ് കണ്ടെത്തിയത്.നടക്കാവ് ശാഖയില്‍നിന്നും സ്വര്‍ണം മോഷണം പോയതാണ് ഒടുവിലെ സംഭവം. ഇതേ തുടര്‍ന്ന് ബാങ്ക്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഏരിയ മാനേജര്‍ മീരാമാത്യുവിലേക്ക് അന്വേഷണം നീണ്ടത്.
ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നഷ്ടമായ സ്വര്‍ണത്തിന്റെ മൂല്യത്തിലുള്ള തുക ഇവരില്‍നിന്നും ഈടാക്കി. ഏരിയ മാനേജരുടെ ചുമതലയിലുള്ള ചേര്‍ത്തല താലൂക്കിലെ ബാങ്കുശാഖകളിലെല്ലാം പണയസ്വര്‍ണത്തില്‍ വിശദമായ പരിശോധനകള്‍ നടക്കുകയാണ്. പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ നിരീക്ഷണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.