ആലപ്പുഴ നഗരത്തിൽ 20 വാട്ടര്‍ കിയോസ്കുകൾ സജ്ജം ഇനി കുറഞ്ഞ നിരക്കിൽ ശുദ്ധജലം
text_fieldsആലപ്പുഴ: അമൃത് പദ്ധതിയില്‍ നഗരസഭയിലെ 19 വാര്‍ഡിലായി സ്ഥാപിച്ച 20 വാട്ടര്‍ കിയോസ്കുകൾ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പി.പി. ചിത്തരഞ്ജന് എം.എല്‍.എ വിശിഷ്ടാതിഥിയായി. വാട്ടര്‍ അതോറിറ്റി പ്രോജക്ട് മാനേജര്‍ എസ്.എല്‍. ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷ സൗമ്യരാജ്, സ്ഥിരം സമിതി അധ്യക്ഷരായ എ. ഷാനവാസ്, കെ. ബാബു, ബീന രമേശ്, ബിന്ദു തോമസ്, ആര്. വിനീത, കൗണ്‍സിലര്‍മാരായ എം.ആര്. പ്രേം, നസീര്‍ പുന്നക്കല്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഷീജ, സെലസ്റ്റീന ബായ്, ശ്യാം, ജയശ്രീ, പ്രവീണ്‍, അനില്‍, ഷെമീര്‍, ബിജോയ്, നിധീഷ് എന്നിവര്‍ പങ്കെടുത്തു.
ആലിശ്ശേരി, വാടക്കല്‍, ഇരവുകാട്, തുമ്പോളി, എം.ഒ വാര്‍ഡ്, മംഗലം, കാളാത്ത്, മന്നത്ത് ,വലിയകുളം, ലജനത്ത്, വാടക്കനാല്‍, കരളകം, ആശ്രമം, സിവില്സ്റ്റേഷന്, ഹൗസിങ് കോളനി, റെയില്‍വേ സ്റ്റേഷന്, തിരുവമ്പാടി, പുന്നമട, പള്ളാത്തുരുത്തി എന്നീ 19 വാര്‍ഡിലായാണ് 20 വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ശൃംഖലയില്നിന്നെടുക്കുന്ന ജലം റിവേഴ്സ് ഓസ്മോസിസ് പ്രവര്‍ത്തനം വഴി ശുദ്ധീകരിച്ചാണ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള മര്ദത്തിനായി ഭൂതലത്തില്‍ പ്രത്യേക ടാങ്ക് സ്ഥാപിച്ച് പമ്പിങ് സുഗമമാക്കാനുള്ള സംവിധാനവും ഓരോ ടാങ്കിലും ക്രമീകരിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകൾക്കാണ് നടത്തിപ്പ് ചുമതല. കിയോസ്കുകളുടെ പരിപാലനം നഗരസഭയാണ് നിർവഹിക്കുന്നത്. ഏകദേശം 2.15 കോടി ചെലവഴിച്ച് ഫ്ലോമാക്സ്, വാട്ടര്‍ വേള്‍ഡ് കമ്പനികളാണ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.