ഗൗരിയമ്മക്ക് സ്മാരകം ആലപ്പുഴയിൽതന്നെയാവുമെന്ന് സൂചന
text_fieldsആലപ്പുഴ: വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയുടെ സ്മരണ നിലനിർത്തുന്നതിന് രണ്ടുകോടി നീക്കിവെക്കുന്ന ബജറ്റ് പ്രഖ്യാപനം ഗൗരിയമ്മയുടെ അനുയായികൾ സ്വാഗതം ചെയ്തു. സ്മാരകം എവിടെയായിരിക്കുമെന്ന് ബജറ്റിൽ പറയുന്നില്ല. എന്നിരുന്നാലും അത് അവരുടെ തട്ടകമായ ആലപ്പുഴതന്നെ ആയിരിക്കുമെന്നാണ് സൂചന.
എൽ.ഡി.എഫുമായി സഹകരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിൽ സർക്കാർ ജെ.എസ്.എസിനോട് ഇതുസംബന്ധിച്ച ചർച്ച നടത്തുമെന്ന് ജനറൽ സെക്രട്ടറി ഡോ.പി.സി. ബീനാകുമാരി 'മാധ്യമ'ത്തോട് പറഞ്ഞു. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം ദീർഘദൃഷ്ടിയോടെയുള്ള കേന്ദ്രമാണ് വേണ്ടത്. ഗൗരിയമ്മയുടെ പ്രിയപ്പെട്ട മണ്ഡലമായ അരൂരിൽതന്നെ അത്തരമൊരു കേന്ദ്രം ആരംഭിക്കുന്നതാണ് എന്തുകൊണ്ടും ഉചിതം. അതേസമയം, ഗൗരിയമ്മയുടെ ഭരണനൈപുണ്യം പ്രകടമാക്കപ്പെട്ട തലസ്ഥാന നഗരിയിൽ പ്രധാന കേന്ദ്രമായി ഉയരുന്നതും നല്ല കാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഗൗരിയമ്മ ജനിച്ചുവളർന്ന അന്ധകാരനഴിയിലെ തറവാട്ടുവീട് കുടുംബാംഗങ്ങൾ അടങ്ങുന്ന ട്രസ്റ്റിെൻറ നേതൃത്വത്തിൽ പുനരുദ്ധരിച്ച് അവർ സ്വീകരിച്ച നിലപാടുകൾക്കും കാത്തുസൂക്ഷിച്ച മൂല്യങ്ങൾക്കും അനുയോജ്യപ്രവർത്തനങ്ങൾക്കായി മാറ്റുമെന്നും ബീനാകുമാരി വ്യക്തമാക്കി. ഭർത്താവ് ടി.വി. തോമസുമായി താമസം ആരംഭിക്കുകയും അദ്ദേഹത്തിെൻറ ഓർമകളുമായി അവസാനകാലംവരെ ചെലവഴിക്കുകയും ചെയ്ത ആലപ്പുഴ ചാത്തനാട്ട് വീടിെൻറ അനന്തരാവകാശി ബീനാകുമാരിയാണ്. ഇവിടേക്ക് അധികം വൈകാതെ താനും കുടുംബവും താമസം മാറ്റുമെന്നും ഗൗരിയമ്മയുടെ ഓർമകൾ സംരക്ഷിക്കുന്നതിന് അപൂർവചിത്രങ്ങളും പുരസ്കാരങ്ങളും മറ്റും സൂക്ഷിക്കുന്നതിന് സംവിധാനം ഒരുക്കുമെന്നും അവർ പറഞ്ഞു.
ഗൗരിയമ്മക്ക് സ്മാരകം നിർമിക്കാനുള്ള തീരുമാനത്തെ ജെ.എസ്.എസ് പ്രസിഡൻറ് സംഗീത് ചക്രപാണിയും ജനറൽ സെക്രട്ടറി പി.സി. ബീനാകുമാരിയും സ്വാഗതം ചെയ്തു. മുഖ്യമന്ത്രിെയയും ധനമന്ത്രിെയയും ടി.കെ. സുരേഷ് പ്രസിഡൻറും സി.എം. അനിൽ കുമാർ സെക്രട്ടറിയുമായ ജെ.എസ്.എസും സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.