സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളില്ല; പഞ്ചസാര, ഉഴുന്ന്, മുളക് അടക്കം അപ്രത്യക്ഷം
text_fieldsആലപ്പുഴ: പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങൾക്ക് വിലകുതിക്കുമ്പോൾ സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം. ആളുകൾ ഏറെ ഉപയോഗിക്കുന്ന പഞ്ചസാര, ഉഴുന്ന്, മുളക് അടക്കമുള്ള സാധനങ്ങളാണ് അപ്രത്യക്ഷമായത്. കനത്തമഴയിൽ കുട്ടനാട് അടക്കം വെള്ളപ്പൊക്ക ബാധിത മേഖലയിലേക്ക് സാധനങ്ങൾ കൊണ്ടുപോയതാണ് ക്ഷാമത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പകരം സാധനം എത്താൻ വൈകുന്നതാണ് പ്രതിസന്ധി. രണ്ടാഴ്ചയിലേറെയായി സൂപ്പർമാർക്കറ്റ് അടക്കം വിൽപന കേന്ദ്രങ്ങളിൽ സാധനങ്ങളില്ലാതെ ഉപഭോക്താക്കൾ നിരാശയോടെ മടങ്ങുകയാണ്. മാവേലി സ്റ്റോറുകളിലും സമാനസ്ഥിതിയാണ്.
മുളകിന് കിലോക്ക് 337 രൂപയും കാശ്മീരി മുളകിന് 570 രൂപയുമാണ് വില. സപ്ലൈകോയിൽ മുളകിന് വില 78 രൂപയാണുള്ളത്. മല്ലിക്ക് വിപണിയിൽ 95 രൂപ നൽകണം. ജയ, മട്ട, പച്ചരി ഉൾപ്പെടെയുള്ളവ സാധനങ്ങൾ വിലകുറച്ച് കിട്ടുന്നതാണ് ഏറെ ആശ്വാസം. കിലോക്ക് അരി ജയ-25.00, മട്ട-24.00, പച്ചരി-24.00, പഞ്ചസാര-24.00, മുളക് (പിരിയൻ-അരകിലോ)-165, മുളക് (സാധാരണ-അരകിലോ)-39.50, മല്ലി (അരകിലോ)-40.00, വെളിച്ചെണ്ണ (ഒരുലിറ്റർ)-127, ചെറുപയർ-38.50, ഉഴുന്ന്-68.00 എന്നിവയാണ് സപ്ലൈകോ സബ്സിഡി നിരക്കിൽ കിട്ടുന്ന സാധനങ്ങൾ. സബ്സിഡിയില്ലാത്ത സാധനങ്ങളും ഇല്ലാത്തസ്ഥിതിയാണ്.
കിലോക്ക് അരി ജയ-41.00, അരി സുരേഖ-47.00, പച്ചരി-41.00, പഞ്ചസാര-44.00, ചെറുപയർ-154.00, മുളക് (സാധാരണ)-337, മുളക് (കാശ്മീരി)-570, മല്ലി-95.00, കടല-90.00, ഗ്രീൻപീസ്-100, വെളിച്ചെണ്ണ-159 എന്നിങ്ങനെയാണ് മാർക്കറ്റ് വില. ഓണം അടുത്തതോടെ കൂടുതൽ കച്ചവടം നടക്കേണ്ട സാഹചര്യത്തിലാണ് അധികൃതരുടെ ഒളിച്ചുകളി. പച്ചക്കറിവില കത്തിക്കയറിയതോടെ പൊതുവിപണിയിൽ പലവ്യഞ്ജനങ്ങൾക്കും നേരിയതോതിൽ വിലകൂടിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ സഹായമാകേണ്ട സർക്കാർ സംവിധാനം തന്നെ സാധനങ്ങളില്ലാതെ നോക്കുകുത്തിയായി മാറുന്ന കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.