യാത്രക്കാരുണ്ട്; പക്ഷെ ഒാടുന്നത് പാതി ബസുകൾ മാത്രം
text_fieldsആലപ്പുഴ: ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ച് രണ്ടാഴ്ചയായിട്ടും കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് പകുതിയിൽ താഴെ ബസുകൾ മാത്രം. ചിലയിടങ്ങളിൽ ഇതിലും താഴെ. യാത്രക്കാർ ഇല്ലാത്തതല്ല, ലാഭം വർധിപ്പിക്കൽ തന്ത്രത്തിെൻറ ഭാഗമായാണ് സർവിസുകൾ പുനരാരംഭിക്കുന്നതിൽ അലംഭാവമെന്നാണ് സൂചന. സീറ്റിങ് കപ്പാസിറ്റി തികക്കാതെ ഓടുന്ന ബസുകൾ കുറവാണ്. ദീർഘദൂര സർവിസുകളല്ലാത്തവ യാത്രക്കാരുടെ ലഭ്യതക്കനുസരിച്ച് ഓടിക്കാനാണ് ഡിപ്പോകൾക്ക് നിർദേശമെങ്കിലും ഇതുണ്ടാകുന്നില്ല.
ആലപ്പുഴ ജില്ലയിൽ പല റൂട്ടിലും യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ബസ് പ്രതീക്ഷിച്ചിറങ്ങാൻ കഴിയില്ലെന്നതിനാൽ ലോക്ഡൗൺ സാഹചര്യവുമായി പൊരുത്തപ്പെട്ട് വീട്ടിലിരിക്കാനാണ് അത്യാവശ്യക്കാർ പോലും താൽപര്യം കാട്ടുന്നത്. മിക്കവാറും മേഖലകൾ തുറന്നതോടെ യാത്രക്കാർ വർധിച്ചിട്ടുണ്ട്. എന്നാൽ, ഇത് കെ.എസ്. ആർ.ടി.സി കണക്കിലെടുക്കുന്നില്ലെന്നാണ് പരാതി.
ചങ്ങനാശ്ശേരി, ചേർത്തല, എറണാകുളം റൂട്ടിലടക്കം ബസുകൾ കുറച്ചു മാത്രമാണ് ഓടിക്കുന്നത്. ഇതിൽതന്നെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിൽ 40 ശതമാനത്തിൽ താഴെയാണ് സർവിസ്. എറണാകുളം റൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല.
വൈകീട്ട് ഏഴിന് ശേഷം ബസുകൾ തീരെയില്ലെന്നതാണ് സ്ഥിതി. സ്വകാര്യ ബസുകൾ നാമമാത്രമായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ആശ്രയമെന്നിരിക്കെയാണ് യാത്രക്കാർക്ക് ആനുപാതികമായി ബസുകൾ ഇല്ലാത്തത്.
ആലപ്പുഴ ഡിപ്പോയിൽനിന്ന് 43 ഷെഡ്യൂൾ ആണ് ഓപറേറ്റ് ചെയ്യുന്നത്. 95 സർവിസ് വരെ ഓടിയിരുന്നിടത്താണിത്. കായംകുളത്ത് നിന്ന് 28 സർവിസുകൾ മാത്രം.
68 ബസുകൾ വരെ ഓടിയിരുന്നിടത്താണിത്. 36ന് പകരം 25 സർവിസുകളാണ് ഹരിപ്പാട് ഡിപ്പോയിൽനിന്ന് ഓടുന്നത്. കോവിഡിന് മുമ്പ് 42 സർവിസുകൾ ഉണ്ടായിരുന്ന ചെങ്ങന്നൂരിൽനിന്ന് ഇപ്പോഴുള്ളത് 31 എണ്ണം. 9, 18, 21 എന്നിങ്ങനെ ക്രമാനുഗതമായി വർധിപ്പിച്ചാണ് ഇപ്പോൾ 31ൽ എത്തിയിരിക്കുന്നത്.
ചേർത്തലയിൽനിന്ന് 36 സർവിസുകളാണുള്ളത്. 56 ആണ് നേരത്തേ ഉണ്ടായിരുന്നത്. ചേർത്തല 48 ഷെഡ്യൂളുകളിലായി 4.5 ലക്ഷത്തോളം വരുമാനമുണ്ട്. അന്ധകാരനഴി, ചെല്ലാനം, അർത്തുങ്കൽ തുടങ്ങി തീരദേശ റൂട്ടുകളിലും സർവിസുകൾ തുടങ്ങിയിട്ടുണ്ട്.അരൂക്കുറ്റി - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ഇപ്പോഴില്ല. ലോക് ഡൗണുകളിലെ സാഹചര്യത്തിൽനിന്ന് കരകയറി വരുകയാണെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.