പക്ഷിപ്പനിക്ക് അറുതിയാകുന്നില്ല; കൊന്നൊടുക്കൽ തുടരുന്നു
text_fieldsആലപ്പുഴ: പക്ഷിപ്പനി ബാധ ജില്ലയിൽ അറുതിയില്ലാതെ തുടരുന്നു. ഓരോ ദിവസവും പുതിയ സ്ഥലങ്ങളിൽ രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്ക പടർത്തുന്നു. കുട്ടനാടിന്റെ തെക്ക് കിഴക്കൻ മേഖലയിൽ തുടങ്ങിയ രോഗബാധ ഇപ്പോൾ വടക്ക് അരൂരിൽ വരെ എത്തി നിൽക്കുന്നു. ഇതിനകം ഒരു ലക്ഷത്തിലേറെ പക്ഷികളെ കൊന്നൊടുക്കിയിട്ടും രോഗബാധ വ്യാപിക്കുന്നത് തടയാനാകുന്നില്ല.
ചേന്നംപള്ളിപ്പുറത്ത് നാലും മാരാരിക്കുളം തെക്ക്, തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും പുതുതായി രോഗംസ്ഥിരീകരിച്ചു. ഹാച്ചറിയിൽ 600 കോഴികൾ ചത്തു. തുറവൂരിനടുത്ത് വളമംഗലത്ത് രണ്ടു കാക്കകൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗബാധ വടക്കൻ മേഖലയിലേക്ക് പോയെന്ന് കരുതിയിരിക്കെയാണ് വീണ്ടും തെക്ക് കിഴക്കൻ മേഖലയായ ചെങ്ങന്നൂർ ഹാച്ചറിയിൽ രോഗബാധയുണ്ടായത്. ഇതോടെ ജില്ലയിൽ പക്ഷിവളർത്തൽ താൽക്കാലികമായി നിരോധിക്കാനുള്ള ആലോചനയുമുണ്ട്. കാക്കക്കും കൊക്കിനും പരുന്തിനും രോഗം പിടിപെട്ടതിനാൽ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി പടരുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു.
പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നേരത്തേതന്നെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി വൈറസിന് ജനിതക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ചത്ത പക്ഷികളെ സുരക്ഷിതമായി സംസ്കരിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് പരിധിയിലെ വളമംഗലം ഭാഗത്താണ് രണ്ടുദിവസങ്ങളിലായി കാക്കകൾ ചത്തുവീണത്. ഇവിടെ ആരോഗ്യവകുപ്പ് മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിൽ ജാഗ്രതാസമിതികൾ അടിയന്തര യോഗം ചേർന്നിരുന്നു. കാക്കകൾ ചത്തുവീണ പ്രദേശങ്ങളിലുൾപ്പെടെ മറ്റു പക്ഷികൾ ചാകുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ ആശ, ആരോഗ്യ വളന്റിയർമാർ എന്നിവർക്കു നിർദേശം നൽകിയിട്ടുണ്ട്.
കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണവകുപ്പിലും കടുത്ത പ്രതിസന്ധിയാണ്. ജില്ലയിൽ പക്ഷികളെ ചുട്ടുകൊല്ലുന്നതിന് (കള്ളിങ്) ജീവനക്കാരില്ലാത്ത സ്ഥിതിയായി. ഓരോദിവസവും കള്ളിങ്ങിൽ ഏർപ്പെട്ടവർ ക്വാറന്റീനിലായതാണു കാരണം.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ കോഴിക്കുഞ്ഞ്, കോഴിമുട്ട ഉത്പാദനകേന്ദ്രമാണ് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി. ഇവിടെ പുലിയൂർ കാമ്പസിലാണ് രോഗബാധ. പ്രധാന കാമ്പസിൽ രോഗം ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ല. പുലിയൂർ കാമ്പസിലും മെയിൻ കാമ്പസിലുമായി 13,000 കോഴികളാണുള്ളത്. പുലിയൂർ കാമ്പസിൽ മാത്രം 7,000 കോഴികളുണ്ട്. ഇവയെ എല്ലാം കൊന്നോടുക്കണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.