ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷം നാല് ജനറൽ ആശുപത്രിയിൽ ട്രോമാകെയർ സൗകര്യമില്ല
text_fieldsആലപ്പുഴ: നാലുവർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ജനറൽ ആശുപത്രിയിൽ ഇതുവരെ ട്രോമാകെയർ സൗകര്യമായില്ല. സർജൻ ഉൾപ്പെടെ തസ്തികകൾ സൃഷ്ടിക്കാത്തതാണ് പ്രവർത്തനം തുടങ്ങാൻ തടസ്സം.നിലവിൽ വാഹനാപകടമുണ്ടായി പരിക്കേറ്റാൽ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകാനാവാത്ത സ്ഥിതിയാണ്.
ട്രോമാകെയർ യൂനിറ്റ് പ്രവർത്തനത്തിന് കുറഞ്ഞത് നാല് സർജനെങ്കിലും വേണം. ഇവിടെ ആകെയുള്ളത് ഒരു സർജനാണ്. അനസ്തെറ്റിസ്റ്റ്, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ് തുടങ്ങിയവരുടെ തസ്തികകളും പുതുതായി സൃഷ്ടിക്കണം. തസ്തിക സൃഷ്ടിക്കുന്ന കാര്യത്തിൽ ഇപ്പോഴും സർക്കാർ അനുകൂല നിലപാടെടുത്തിട്ടില്ല.
എൽ.ഡി.എഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭക്കാണ് നിലവിൽ ജനറൽ ആശുപത്രിയുടെ ചുമതല. നഗരസഭ അധികൃതർ വേണ്ടവിധം സർക്കാറിൽ സമ്മർദം ചെലുത്തിയിരുന്നെങ്കിൽ തസ്തിക സൃഷ്ടിച്ച് പ്രവർത്തനം തുടങ്ങാൻ കഴിയുമായിരുന്നെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്.
വിഷയത്തിൽ ആലപ്പുഴയിലെ നിയമസഭ ജനപ്രതിനിധികൾ ഇടപെടാത്തതിലും ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരുമുൾപ്പെടെയുള്ളവർക്ക് അമർഷമുണ്ട്.
ട്രോമാകെയറിനായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നാശത്തിന്‍റെ വക്കിലാണ്. ട്രോമാകെയറിന്‍റെ കെട്ടിടം ഇപ്പോൾ ഓപറേഷൻ തിയറ്ററായാണ് പ്രവർത്തിക്കുന്നത്. പഴയ ഓപറേഷൻ തിയറ്റർ പൊളിച്ചതോടെയാണത് ഈ കെട്ടിടത്തിലേക്ക് മാറ്റിയത്. നിലവിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.