പ്രളയത്തിൽ വീട് നഷ്ടമായവർ സത്യഗ്രഹമിരുന്നു; തൊട്ടുപിന്നാലെ പരിഹാരം
text_fieldsആലപ്പുഴ: പ്രളയത്തിൽ വീട് നഷ്ടമായവർക്ക് ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൈനകരി വികസന സമിതി പ്രസിഡൻറ് ബി.കെ. വിനോദ് കുമാറിെൻറ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹത്തിന് തൊട്ടുപിന്നാലെ പരിഹാരം. കൈനകരി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിൽ താമസിക്കുന്ന കിഴക്കേമഠംചിറ സിജിമോൻ, കാട്ടുതലച്ചിറ അപ്പുക്കുട്ടൻ, രാമപുരത്ത് അശോകൻ, രാമമൂർത്തി ചിറ ലീലാമ്മ എന്നിവരുടെ വീടുകളാണ് തകർന്നത്.
വെള്ളപ്പൊക്കത്തിലും മടവീഴ്ചയിലും വീടും സ്ഥലവും നഷ്ടമായ ഇവർ നിരവധി ഓഫിസുകൾ കയറിയിറങ്ങിയിട്ടും പരിഹാരം കണ്ടില്ല. ഈ സാഹചര്യത്തിലാണ് സിജിമോൻ, ഭാര്യ ശ്രീദേവി, അപ്പുക്കുട്ടൻ, ഭാര്യ മണിയമ്മ എന്നിവർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. ഉച്ചയോടെ കലക്ടർ എ. അലക്സാണ്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ മൂന്ന് ദിവസത്തിനുള്ളിൽ രേഖാമൂലം അറിയിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
സമരം ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ. ഇ.എൻ. ശാന്തിരാജ് ഉദ്ഘാടനം ചെയ്തു. കൈനകരി വികസന സമിതി ജോയൻറ് സെക്രട്ടറി മോൻസി ജോസഫ്, കേരള സംസ്ഥാന പ്രതിരോധ സമിതി കുട്ടനാട് താലൂക്ക് സെക്രട്ടറി പി.ആർ. സതീശൻ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളായ അഡ്വ. ജേക്കബ് എബ്രഹാം, ബേബി പാറേക്കാടൻ, അജിത് രാജ, എസ്.യു.സി.ഐ ജില്ല കമ്മിറ്റി അംഗം ഷിജിൻ മോൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.