മത്സ്യബന്ധനം ജീവിതമാക്കിയവർ
text_fieldsഅരൂർ: അരൂർ എന്ന പേര് തന്നെ മത്സ്യത്തൊഴിലാളിയുമായി ബന്ധപ്പെട്ടാണ് ഉണ്ടായതെന്ന് ഐതിഹ്യം. അരയൻമാരുടെ ഊര് ലോപിച്ചാണ് അരൂരായതത്രേ ! രാജഭരണകാലത്ത് രാജാക്കന്മാരുടെയും പ്രമാണിമാരുടെയും പല്ലക്ക് ചുമക്കുന്ന മല്ലന്മാർ അരയന്മാരായിരുന്നെന്നും കായലുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ തീരപ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കൂട്ടമായി താമസിക്കാൻ രാജാക്കന്മാർ അനുവാദം കൊടുത്തിരുന്നെന്നും പറയപ്പെടുന്നു.
പ്രദേശത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. ഈ മേഖലയിൽ നിരവധി ജനങ്ങൾ മത്സ്യബന്ധനത്തെയും അനുബന്ധ തൊഴിൽ മേഖലകളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. രാജ്യത്തെ ദുർബലവിഭാഗമായ ആദിവാസികൾ കഴിഞ്ഞാൽ സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കവസ്ഥയിലുള്ള വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ. കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന അടിസ്ഥാന തൊഴിൽ മേഖലയാണിത്.
മൊത്തം മത്സ്യോൽപാദനത്തിൽ ഇന്ത്യക്ക് രണ്ടാംസ്ഥാനവും സംസ്ഥാനതലത്തിൽ കേരളത്തിന് നാലാം സ്ഥാനവുമാണുള്ളത്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന മേഖല എന്ന നിലയിലും മത്സ്യമേഖല ഏറെ പ്രാധാന്യമർഹിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം പതിറ്റാണ്ടുകളായി ശോചനീയമായി തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാലാവസ്ഥ വ്യതിയാനവും ഇവരുടെ ജീവിതത്തെ പ്രയാസപ്പെടുത്തുന്നു.
മത്സ്യക്ഷാമം പ്രധാന പ്രശ്നം
മത്സ്യസമ്പത്തിന് അടിക്കടി ഉണ്ടാവുന്ന നാശമാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം ദിവസങ്ങൾ ചെല്ലുന്തോറും ദുസ്സഹമാക്കുന്നത്.കായൽ മലിനീകരണം, പോളപ്പായൽ ശല്യം, കടൽച്ചൊറി, പ്ലാസ്റ്റിക്, ഖര-വ്യവസായ-രാസമാലിന്യം, ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വീടുകൾ എന്നിവിടങ്ങളിലെ മാലിന്യം തള്ളൽ എന്നിവയാൽ മത്സ്യസമ്പത്തിന് കനത്തനാശമാണ് ദിനംപ്രതി ഉണ്ടാകുന്നത്. തോടുകളും നിലങ്ങളും കായലിന്റെ ഭാഗങ്ങളും അനധികൃതമായി നികത്തി മത്സ്യബന്ധന മേഖലയുടെ വിസ്തീർണവും ആഴവും കുറച്ചുകൊണ്ടിരിക്കുന്നത് അടിയന്തരമായി നടപടി വേണ്ട മറ്റൊരു പ്രശ്നമാണ്.
കൃഷിയിടങ്ങളിൽനിന്ന് ഒഴുകിവരുന്ന രാസപദാർഥങ്ങൾ കലർന്ന മലിനജലം മത്സ്യങ്ങളെ നശിപ്പിക്കുന്നു. ഫാക്ടറികളിൽനിന്നും പുറന്തള്ളുന്ന മലിനജലവും മറ്റ് മാലിന്യങ്ങളും മത്സ്യസമ്പത്തിനെ ഇല്ലാതാക്കുന്നു. തണ്ണീർമുക്കം ബണ്ട് നിശ്ചിത സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യാത്തതിനാൽ ഓരു ജലനിയന്ത്രണം അസാധ്യമാകുന്നു. പുരോഗതിയുടെ ഭാഗമായി വേമ്പനാട് കായലിൽകൂടി വരുന്ന ഉൾനാടൻ ദേശീയ ജലപാതയും ഗോശ്രീ വികസനവും മത്സ്യയിടങ്ങളുടെ നിലനിൽപിന് ഭീഷണിയാണ്.
തൊഴിലിടം ഇല്ലാതാകുന്നു
വേമ്പനാട്ട് കായലിൽ 5.75 ലക്ഷം ടൺ എക്കൽ അടിഞ്ഞുകൂടിയെന്നാണ് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ ( സി.ഡബ്ല്യു.ആർ.ഡി.എം) നിഗമനം. വേമ്പനാട്ട് കായലിൽ നിർമിക്കുന്ന പാലങ്ങളുടെ തൂണുകൾ താഴ്ത്തുമ്പോൾ പുറം തള്ളുന്ന മണ്ണും ചളിയും കായലിൽ തന്നെ നിക്ഷേപിക്കുന്നത് കായലിന്റെ ആഴം കുറയുന്നതിനും എക്കൽ അടിയുന്നതിനും കാരണമാകുന്നു. കായൽ അതിർത്തിയിൽ കൽക്കെട്ടില്ലാത്തതുമൂലം അനധികൃത കൈയേറ്റം പലയിടത്തും വ്യാപകമാണ്.
കായലിന്റെ വിസ്തീർണത്തിലും ആഴത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കായലിൽ 10 മീറ്ററിനു താഴെ ആഴമുണ്ടായിരുന്ന ചിലയിടങ്ങളിൽ ഇപ്പോൾ ആഴം രണ്ടുമീറ്ററിലും കുറവാണ്. മാലിന്യത്തിന്റെ അളവ് വലിയ തോതിൽ വർധിച്ചതോടെ മത്സ്യസമ്പത്തിൽ വലിയ ഇടിവുണ്ടായി.പ്ലാസ്റ്റിക് മാലിന്യം കൂടിയത് നാടൻ മത്സ്യങ്ങളുടെ ഉൽപാദനം കുറയാനും പലതിന്റെയും വംശനാശത്തിനും കാരണമായി. 1970ൽ 170ലേറെ മത്സ്യയിനങ്ങളുണ്ടായിരുന്ന കായലിൽ പിന്നീടത് 90 ആയും ഇപ്പോൾ അത് 50 ആയും കുറഞ്ഞു.
നിലവിൽ കായലിൽ പോളപ്പായൽ നിറഞ്ഞ് മീൻപിടിത്തം അസാധ്യമാകുന്നു. ഇതുമൂലം, കായൽ ജലത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു.രാജ്യത്തിന് പ്രതിവർഷം ഏകദേശം 47,000 കോടിയുടെ വിദേശനാണ്യമാണ് മത്സ്യോൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ ലഭിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കാൾ (7.16 ശതമാനം) ഏറെ മുന്നിലാണ് ഫിഷറീസ് മേഖലയുടെ വളർച്ച (10.87). അതായത്, രാജ്യത്തിന്റെ സാമ്പത്തിക ഘടനയിൽ ഏറെ പ്രധാനപ്പെട്ട ഒരുഅടിസ്ഥാന തൊഴിൽ മേഖലയാണ് ഫിഷറീസ്. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും വളരെ ഗൗരവത്തോടെ മത്സ്യമേഖലയെക്കുറിച്ച് ചിന്തിക്കേണ്ട സമയം കഴിഞ്ഞു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.