തോട്ടപ്പള്ളി സ്പിൽവേ: മണ്ണും ചളിയും വേഗത്തില്‍ നീക്കാന്‍ നിർദേശം
text_fieldsആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിങ് ചാനലില്‍ അടിഞ്ഞുകൂടിയ മണ്ണും ചളിയും വേഗത്തില്‍ നീക്കാന്‍ കരാറുകാരോട് ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ നിർദേശിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിർദേശം. ആദ്യ റീച്ചിലെ തുരുത്തേല്‍ പാലം മുതല്‍ പെരുമാങ്കര പാലം വരെയുള്ള ചളിയും മണലും തിങ്കളാഴ്ച മുതല്‍ മാറ്റി തുടങ്ങും. നീക്കുന്ന മണലും ചളിയും ഇടാന്‍ വീയപുരം പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തു നല്കുന്ന പക്ഷം രണ്ടാം റീച്ചിലെ പെരുമാങ്കര മുതല്‍ പാണ്ടി പാലം വരെയുള്ള ഭാഗത്തെ മണ്ണും ചളിയും നീക്കം ചെയ്യാന്‍ തുടങ്ങും.
പാലത്തിനോട് ചേര്‍ന്ന 50 മീറ്റര്‍ ഭാഗത്തെ ചളി, വള്ളം ഉപയോഗിച്ചും ബാക്കി ഭാഗത്തെ മണ്ണ് ഡ്രെഡ്ജര്‍ ഉപയോഗിച്ചും നീക്കും. മൂന്നാം റീച്ചില്‍ പാണ്ടി പാലത്തില്‍ അടിഞ്ഞു കൂടിയ മണ്ണും ചളിയും പാലത്തിന് 150 മീറ്റര്‍ മാറി പുതിയ ഡ്രെഡ്ജര്‍ ഉപയോഗിച്ച് നീക്കാനും തീരുമാനമായി. നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനാല്‍ ഈ മൂന്ന് പാലങ്ങളും പുതുക്കി പണിയാൻ അടിയന്തരമായി സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി.
പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദര്ശന്, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സുരേന്ദ്രന്, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ്, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഭി മാത്യു, ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയര്‍ ബിനു ബേബി, മാവേലിക്കര അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ എല്‍. ആശാ ബീഗം, ആലപ്പുഴ അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ വി. അജയകുമാര്‍, ജലസേചന വകുപ്പ് അസി. എൻജിനീയര്‍ യു. മുഹമ്മദ് അജ്മല്‍, കരാറുകാരുടെ പ്രതിനിധി എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.