വേണം, തുറവൂർ താലൂക്ക് ആശുപത്രിക്ക് 'ബൂസ്റ്റർ ഡോസ്'
text_fields1956ൽ ഗവ. റൂറൽ ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച ആതുരാലയം ഇന്ന് ബഹുനില കെട്ടിടങ്ങളുള്ള താലൂക്ക് ആശുപത്രിയാണ്. തുറവൂരിൽ ഖാദി ബോർഡ് സൊസൈറ്റിയുടെ സ്ഥലത്തായിരുന്നു ആശുപത്രിയുടെ തുടക്കം. 'ദുരിത ആശുപത്രി' എന്ന നിലയിലാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. രോഗങ്ങളും ദുരിതങ്ങളും പടർന്ന സമയത്ത് അത്താണിയായി നിലകൊണ്ടതിനാലാണ് ആ പേര് വന്നത്. പിന്നീട് രാമചന്ദ്ര കമ്മത്ത് എന്ന മനുഷ്യസ്നേഹിയാണ് സൗജന്യമായി ഒരേക്കറിലധികം നൽകിയത്. അന്ന് അവിടെ ഓട് മേഞ്ഞ കെട്ടിടവും ഉണ്ടായിരുന്നു. അതിലായിരുന്നു ഡിസ്പെൻസറിയുടെ തുടക്കം.
അവകാശത്തർക്കത്തിെൻറ പേരിൽ 60 സെൻറ് നഷ്ടമായെങ്കിലും 1995-2000 കാലയളവിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഈ ഭൂമി വാങ്ങാൻ ആദ്യതുക സർക്കാറിലേക്ക് അടച്ചു. 2010-15ൽ ബാക്കി തുകകൂടി അടച്ചാണ് അക്വയർ ചെയ്ത് നൽകിയത്. ബ്ലോക്ക് പഞ്ചായത്തിെൻറയും അതിെൻറ കീഴിൽ വരുന്ന പഞ്ചായത്തുകളുടെയും മുഴുവൻ പ്ലാനിങ് ഫണ്ടും ഉപയോഗപ്പെടുത്തിയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഈ സ്ഥലത്താണ് ഇപ്പോൾ കിഫ്ബിയുടെ 50 കോടിയുടെ നിർമാണം തുടങ്ങിയത്. 1956ൽ തുടക്കമിട്ട അക്കാലത്തുതന്നെ പി.എച്ച്.സി ആയി ഉയർന്നു. 1990ൽ സി.എച്ച്.സിയായും 2010ൽ താലൂക്ക് ആശുപത്രിയായും ഉയർത്തി.
ആദ്യ പിണറായി സർക്കാറിെൻറ കാലത്ത് എം.എൽ.എയായിരുന്ന ഷാനിമോൾ ഉസ്മാൻ ജില്ല ആശുപത്രിയായി ഉയർത്തേണ്ടതിെൻറ ആവശ്യകത സൂചിപ്പിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ആലപ്പുഴക്കും എറണാകുളത്തിനും ഇടയിൽ ഹൈവേയോട് ചേർന്ന് കിടത്തിച്ചികിത്സയുള്ള ഏക സർക്കാർ ആശുപത്രിയെന്ന സ്ഥാനവും ഇതിനുണ്ട്. 13 പഞ്ചായത്തിലെ നാലുലക്ഷത്തോളം ജനം ആശ്രയിക്കുന്ന ആശുപത്രിയാണിത്. 1200ലധികം രോഗികളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. ഹൈവേയോട് ചേർന്നായതിനാൽ നിരവധി അപകട കേസുകളുണ്ട്. മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യംചെയ്യുന്ന മോർച്ചറിയും അനുബന്ധ സംവിധാനങ്ങളുമുണ്ട്. ആഴ്ചയിൽ മൂന്ന് പോസ്റ്റ്മോർട്ടം വരെ നടക്കുന്നു.
ഡോക്ടർമാർ കുറവ്; അപര്യാപ്തതയേറെ
ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെ അപര്യാപ്തത വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ആശുപത്രി ഗ്രേഡിങ് തത്ത്വത്തിൽ ഉയർന്നതല്ലാതെ അതിനനുസരിച്ച് ജീവനക്കാരെ നിയമിച്ചിട്ടില്ല. 16 ഡോക്ടർമാരുടെ പേര് ബോർഡിലുണ്ടെങ്കിലും നിലവിൽ 10പേരാണുള്ളത്.
ഡെൻറൽ സ്പെഷലിസ്റ്റ് സ്ഥലംമാറി പോെയങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. നാല് സ്പെഷലിസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗത്തിലെ നാല് ഡോക്ടർമാരും മെഡിക്കൽ ഓഫിസറും കഴിഞ്ഞാൽ ഒരു ഡോക്ടർ മാത്രമാണുണ്ടാവുക. വിദഗ്ധ ചികിത്സക്ക് സംവിധാനമില്ലാത്തത് വലിയ ന്യൂനതയാണ്. ദേശീയപാതയോരത്തായതിനാൽ അതിഗുരുതരാവസ്ഥയിൽ എത്തുന്നവരെ മെഡിക്കൽ കോളജിലേക്കും മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റാനുള്ള ബുദ്ധിമുട്ടും ഗതാഗതക്കുരുക്കും രോഗിയുടെ അവസ്ഥ കൂടുതൽ പരിതാപകരമാക്കും.
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അഭാവവും വലിയ പ്രതിസന്ധിയാണ്. ഗൈനക്കോളജി, പീഡിയാട്രീഷൻ, ഡെൻറൽ, ജനറൽ മെഡിസിൻ മാത്രമേ നിലവിലുള്ളൂ. ശസ്ത്രക്രിയ സൗകര്യമില്ലാത്തതിനാൽ പ്രസവവും പ്രസവാനന്തര പരിചരണവും നടക്കുന്നില്ല. 24 കിടക്കയാണ് കിടത്തിച്ചികിത്സക്കുള്ളത്.
രോഗികൾക്ക് ആശ്വാസമേകി ഡയാലിസിസ് യൂനിറ്റ്
2016ലാണ് അഞ്ച് മെഷീനുകളോടെയുള്ള ഡയാലിസിസ് യൂനിറ്റ് തുടങ്ങിയത്. ചന്തിരൂരിൽ വ്യവസായം നടത്തുന്ന സഹോദരങ്ങളാണ് ഇതിനുള്ള തുക നൽകിയത്. ഡയാലിസിസ് യൂനിറ്റുള്ള കേരളത്തിലെ ആദ്യത്തെ താലൂക്ക് ആശുപത്രികളിലൊന്നായി. പരിമിതികൾക്കിടയിലും 10,000 ഡയാലിസിസുകൾ ഇതുവരെ നടന്നു. യൂനിറ്റ് വികസിപ്പിക്കാനുള്ള നീക്കം അവസാനഘട്ടത്തിലാണെന്ന് മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ആർ. റൂബി പറഞ്ഞു.
എ.എം. ആരിഫ് എം.എൽ.എയായിരുന്നപ്പോൾ 1.65 കോടി മുടക്കി നിർമിച്ച കെട്ടിടത്തിലാണ് പുതിയ യൂനിറ്റൊരുങ്ങുന്നത്. 15 ഡയാലിസിസ് യന്ത്രങ്ങളാണുള്ളത്. 45 ഡയാലിസിസ് വരെ ദിവസവും ചെയ്യാനാകും. ഓപറേഷൻ തിയറ്ററിെൻറ പണിയും അവസാന ഘട്ടത്തിലാണ്. അനുബന്ധ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയാൽ എത്രയും വേഗം ഉപയോഗപ്രദമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി പ്രതീക്ഷ കിഫ്ബിയിൽ
ആശുപത്രിയുടെ ഇനിയുള്ള വികസനം സാക്ഷാത്കരിക്കുന്നത് 2018ൽ പ്രഖ്യാപിച്ച കിഫ്ബി പദ്ധതിയാണ്. നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാന ഭവന നിർമാണ ബോർഡിനെ ഏൽപിച്ചെങ്കിലും 2019 അവസാനമാണ് പണി ആരംഭിച്ചത്. 2021 ആഗസ്റ്റിൽ ബേസ്മെൻറ് പോലും പൂർണമായിട്ടില്ല. 51.4 കോടിയാണ് കിഫ്ബി അനുവദിച്ചത്.
ട്രോമാ കെയർ സെൻറർ, ഓപറേഷൻ തിയറ്റർ കോംപ്ലക്സ് ഉൾപ്പെടെ 150 കിടക്കകളോടെ 60,000 ചതുരശ്ര അടി വിസ്തീർണമുള്ള ആറുനില കെട്ടിടമാണ് ഉയരുന്നത്. 2019ൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ശിലാസ്ഥാപനം നടത്തിയത്.
ഗ്രൗണ്ട് േഫ്ലാറിൽ 10,000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക സൗകര്യത്തോടെയുള്ള ട്രോമാകെയർ, ഒന്നാംനിലയിൽ അത്യാധുനിക മോഡുലാർ ഓപറേഷൻ തിയറ്റർ കോപ്ലക്സ്, രണ്ടാംനില മുതൽ ആറാം നില വരെ വാർഡുകൾ, ആറാം നിലയിൽ ഒരു ഭാഗത്ത് പാലിയേറ്റിവ് രോഗികൾക്കായി പ്രത്യേക വാർഡ് എന്നിവയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.