കാലത്തിനും മായ്ക്കാൻ കഴിയാതെ ഇവിടെ ഒരു ചുമർ പരസ്യം
text_fieldsതുറവൂർ: കൂറ്റൻ ഹോർഡിങ്ങുകളും ഫ്ലക്സുകളും ടി.വി പരസ്യങ്ങളുമൊക്കെ പ്രചാരം നേടുന്നതിന് മുമ്പ് മതിലുകളും കെട്ടിടങ്ങളുടെ ചുമരുകളുമായിരുന്നു പരസ്യങ്ങൾക്കായി കമ്പനികൾ ആശ്രയിച്ചിരുന്നത്. 45 വർഷം മുമ്പെഴുതിയ അത്തരമൊരു പരസ്യം ഇന്നും മായാതെ നിൽക്കുന്നൊരു ചുമരുണ്ട് കുത്തിയതോട്ടിൽ.
'70-'80 കാലഘട്ടത്തിൽ പ്രചുര പ്രചാരം നേടിയിരുന്ന തോഷിബ ആനന്ദ് ബാറ്ററിയുടെ പരസ്യം പ്രത്യക്ഷപ്പെട്ട ചുമരാണ് മായാതെ നിൽക്കുന്നത്. കുത്തിയതോട് ടെലിഫോൺ എക്സ്ചേഞ്ചിന് തെക്കുവശം നീനാ മൻസിൽ പരേതനായ എ.കെ. കുട്ടിമൂസയുടെ കെട്ടിടത്തിലാണ് തോഷിബ ആനന്ദ് ബാറ്ററിയുടെ ഗുണഗണങ്ങൾ വർണിക്കുന്ന പരസ്യം.
ട്രാൻസിസ്റ്റർ റേഡിയോയും ടോർച്ചുകളും വ്യാപകമായി ഉപയോഗിച്ചിരുന്ന കാലഘട്ടമായിരുന്നതിനാൽ ബാറ്ററിക്കുണ്ടായിരുന്ന വിപണിമൂല്യം ഈ പരസ്യത്തിലൂടെ വായിച്ചെടുക്കാം.
'ഐ.എസ്.ഐ അടയാളമുള്ള ഒരേയൊരു ബാറ്ററി' എന്നതാണ് പരസ്യത്തിലെ പ്രധാന വാചകം. ഇപ്പോൾ ഈ ചിത്രം സമൂഹ മാധ്യമത്തിലും വൈറലാണ്. പ്രവാസിയായ മുഹമ്മദ് പി. മൂസയാണ് തെൻറ കുട്ടിക്കാലത്ത് പ്രത്യക്ഷപ്പെട്ട ഈ ചുമർ പരസ്യം സമൂഹമാധ്യമത്തിലൂടെ ചർച്ചയാക്കിയിട്ടുള്ളത്. കളമശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന തോഷിബ ആനന്ദ് കമ്പനി 1996ഓടെ പൂട്ടിപ്പോയെങ്കിലും പരസ്യം കൗതുകമായി ഇന്നും അവശേഷിക്കുന്നു. തെൻറ ചില കുട്ടിക്കാല കരവിരുതുകളാണ് ഈ ചുമർ പരസ്യത്തിൽ കാണുന്ന കമ്പനിയുടേതല്ലാത്ത എഴുത്ത് കുത്തുകളെന്ന് പരിസരവാസിയായ സജിൽ പായിക്കാടും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.