തീരമേഖലയിൽ റവന്യൂ വകുപ്പിന്റെ സഹായം; കരിനിലങ്ങളിൽനിന്ന് ഉപ്പുവെള്ളം പമ്പിങ് ആരംഭിച്ചു
text_fieldsതുറവൂർ: തീരമേഖലയിലെ കരിനിലങ്ങളിൽനിന്ന് ഉപ്പുവെള്ളം പമ്പ് ചെയ്തു തുടങ്ങി. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിടപെട്ട് റവന്യൂ വകുപ്പിന്റെ സഹായത്താലാണ് പമ്പിങ് തുടങ്ങിയത്. അഗ്നിരക്ഷാ സേനയുടെ വലിയ മോട്ടോറുകൾ എത്തിച്ചാണ് പമ്പിങ് തുടങ്ങിയത്. തുറവൂർ കരിയിൽ പമ്പിങ് നടത്തുമ്പോഴും മറുഭാഗത്ത് തകർന്നുകിടക്കുന്ന പുറംബണ്ടിലൂടെ കരേത്തോട്ടിൽനിന്ന് പാടശേഖരത്തിലേക്ക് വെള്ളം കയറുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഏറെനാളായി ഉപ്പുവെള്ളം കയറ്റിയുള്ള മുഴുവൻ സമയ മത്സ്യകൃഷിക്കെതിരെ പ്രദേശത്ത് സമരം നടന്നുവരുന്നുണ്ട്. കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയും പൊഴിച്ചാലിലെ വെള്ളപ്പൊക്കവും പാടവരമ്പിലെ താമസക്കാരുടെ ജീവിതം ദുരിതപൂർണമാക്കിയിരുന്നു.
മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. പാടവരമ്പിൽ വീടുവെച്ച് താമസിക്കുന്ന 65ഓളം കുടുംബങ്ങളാണ് ഉപ്പുവെള്ളംകൊണ്ട് ദുരിതമനുഭവിച്ച് വന്നത്. ദീർഘനാളത്തെ സമരത്തിനൊടുവിൽ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് പാടവരമ്പിലെ താമസക്കാരുടെ ജീവിതം സുഗമമാക്കണമെന്ന് കലക്ടർ ഉത്തരവിറക്കി.
എന്നാൽ, മോട്ടോർ പ്രവർത്തിപ്പിച്ച ഇനത്തിൽ ലക്ഷക്കണക്കിന് രൂപ കെ.എസ്.ഇ.ബിക്ക് ബില്ല് നൽകാനുള്ളതിനാൽ വെള്ളം പമ്പ് ചെയ്യാൻ നിർവാഹമില്ലെന്ന് പാടശേഖര സമിതികൾ വ്യക്തമാക്കി. ഇതിനെതിരെ പ്രദേശവാസികൾ തുറവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേതുടർന്നാണ് പഞ്ചായത്തുകൾ ഇടപെട്ടത്. ചെലവാകുന്ന തുക നൽകാമെന്ന് തഹസിൽദാർ ഉറപ്പുനൽകി. നിലവിൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചെലവ് അതത് പഞ്ചായത്തുകളാണ് വഹിക്കുന്നത്.
തകർന്നുകിടക്കുന്ന ബണ്ട് പുനർനിർമിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചുവരുകയാണെന്ന് തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ. ജോർജ് പറഞ്ഞു. ഉപ്പുവെള്ളം പമ്പ് ചെയ്തു മാറ്റുന്നുണ്ടെങ്കിലും ഇവിടുത്തെ പൊക്കാളി പാടങ്ങളിൽ നെൽകൃഷി ആരംഭിക്കുമെന്ന പ്രതീക്ഷ നാട്ടുകാർക്കില്ല. മത്സ്യകൃഷി നടത്തുന്നവർ അതനുവദിക്കില്ല. സർക്കാർ വകുപ്പുകളെല്ലാം മത്സ്യകൃഷി നടത്തുന്നവർക്ക് ഒപ്പമാണെന്ന ആക്ഷേപമാണ് നാട്ടുകാർ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.