‘മരത്തണലി’ലെ രുചിയുടെ ചേരുവയിൽ രാഷ്ട്രീയ വേർതിരിവില്ല
text_fieldsതുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിലെ ലഘു ഭക്ഷണശാലയിൽ എ.എം. ആരിഫ് എം.പി കഞ്ഞി കുടിക്കാൻ എത്തിയത് ഇവിടെ കിട്ടുന്ന ഭക്ഷണത്തിന്റെ സ്വാദിന്റെ വിശേഷം കേട്ടറിഞ്ഞാണ്. കഞ്ഞിക്കൊപ്പം കൂട്ടിന് കപ്പ, പയർ, പപ്പടം, അച്ചാർ എന്നിവയുമുണ്ടായിരുന്നു.
കോൺഗ്രസുകാരായ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയകുമാറും പതിനൊന്നാം വാർഡിലെ മെമ്പർ ഷൈലജൻ കാട്ടിത്തറയും ചേർന്ന് എം.പിയെ പഞ്ചായത്ത് ഓഫീസ് വളപ്പിൽ പ്രവർത്തിക്കുന്ന പെൺകൂട്ടായ്മ പാചകം ചെയ്ത വിഭവം കഴിക്കാൻ ക്ഷണിച്ചത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഭക്ഷണശേഷം ആരിഫിന്റെ സംതൃപ്തമായ പ്രതികരണം രുചിവിശേഷം സമ്മതിക്കുന്നതായിരുന്നു. രണ്ടുവർഷം മുൻപാണ് പതിനൊന്നാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരായ ആശ പ്രകാശൻ, മിനി വിജയൻ, ശ്രീകല എന്നിവർ ചേർന്ന് ‘മരത്തണൽ’ ലഘുഭക്ഷണശാല പഞ്ചായത്ത് ഓഫിസിനോട് ചേർന്ന കെട്ടിടത്തിൽ തുടങ്ങിയത്. പഞ്ചായത്തംഗം ഷൈലജന്റെ പ്രോത്സാഹനവും ഇതിനുപിന്നിലുണ്ടായിരുന്നു. ബാങ്കിൽനിന്ന് മൂന്നുലക്ഷം രൂപ വായ്പ എടുത്തായിരുന്നു തുടക്കം.
പഞ്ചായത്ത് ഓഫിസിലേക്കും ഇവിടെ തന്നെയുള്ള വില്ലേജ് ഓഫിസിലേക്കും ചായയും പലഹാരങ്ങളും ഊണും വിതരണം ചെയ്യും. അരൂർ മണ്ഡലത്തിലെ നവകേരള സദസ്സിലും ഭക്ഷണശാലയുടെ വിഭവങ്ങൾ വിതരണം ചെയ്തിരുന്നു. പഞ്ചായത്തിൽ യോഗങ്ങളും മറ്റു പരിപാടികളും ഉള്ളപ്പോൾ കൂടുതൽ ഓർഡറുകൾ ലഭിക്കും. അങ്ങനെയുള്ള അവസരങ്ങളിൽ ആശയുടെ ഭർത്താവ് പ്രകാശൻ, മിനിയുടെ ഭർത്താവ് വിജയൻ, ശ്രീകലയുടെ ചേച്ചി രാധ എന്നിവരെയും സഹായികളായി കൂട്ടും. വീട്ടിലെ അതേ രുചിയിൽ ഭക്ഷണങ്ങൾ തയാറാക്കി നൽകുന്നതാണ് ഇവരുടെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.