ജീവകാരുണ്യ ഫണ്ട് പിരിവിനെത്തി യുവതിയുടെ മാല പൊട്ടിച്ചു; പ്രതി പിടിയിൽ
text_fieldsതുറവൂർ : ജീവകാരുണ്യ പ്രവർത്തനഫണ്ട് പിരിക്കുന്നതിന്റെ ഭാഗമായി വീട്ടിലെത്തി ഒറ്റയ്ക്കായിരുന്ന ഓട്ടിസം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ മഹാരാഷ്ട്ര ഗിർഗാൻ ജാട്ട് സൻഖി സ്വദേശി വിജയലക്ഷമൺ ഇൻഗോലെ (24) കുത്തിയതോട് പോലീസിന്റെ പിടിയിൽ. മോഷ്ടാവ് വർഷങ്ങളായി ബന്ധുക്കളോടൊപ്പം കേരളത്തിൽ താമസിക്കുന്നയാളാണ്. മലയാളം നല്ലരീതിയിൽ സംസാരിക്കുന്ന ഇയാൾ പാലക്കാട് ആലത്തൂരിലുള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീത് ബുക്കുമായാണ് കുത്തിയതോട് പറയക്കാട് എ.കെ.ജി ബസ് സ്റ്റോപ്പിന് സമീപമുള്ള വീടുകളിൽ കയറിയിറങ്ങി തുക പിരിച്ചു കൊണ്ടിരുന്നത്. രസീത് ബുക്കുമായി വീടുകൾതോറും കയറിയിറങ്ങവെയാണ് പ്രതി ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിലും പിരിവിനായി എത്തിയത്. ആ സമയം വീട്ടിൽ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി പരിസരം വീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. അനങ്ങാൻ വയ്യാത്ത യുവതിയുടെ കരച്ചിൽകേട്ട് സമീപവാസികൾ ഓടിവന്ന് പ്രദേശം മുഴുവൻ നോക്കിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. കുത്തിയതോട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി അന്യസംസ്ഥാനക്കാരനാണെന്നും ജില്ലവിട്ടതായും സൂചന ലഭിച്ചു. പ്രതി പണപിരിവ് നടത്തിയ രസീതുബുക്കുവഴിയുള്ള അന്വേഷണമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഒന്നുംതന്നെ ഉപയോഗിക്കാതെ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്ന പാലക്കാട് ജില്ലയിൽ ആലത്തൂർ പ്രവർത്തിക്കുന്ന മാതാ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിചേർന്നത്. വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ജഹാംഗീറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
ട്രസ്റ്റിൽ പിരിവ് നടത്തികൊണ്ടിരുന്ന നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെയും പ്രതിയുടെ ബന്ധുകളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും പ്രതി പോലീസ് പിടിയിലായി. ചേർത്തല ഡി.വൈ.എസ്.പി യുടെ നിർദ്ദേശാനുസരണം കുത്തിയതോട് ഇൻസ്പെക്ടർ എസ് .എച്ച്. ഒ അസാദ് അബ്ദുൾ കലാമിന്റെ നേത്യത്വത്തിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ തോമസ് .കെ . എക്സ് , സബ്ബ് ഇൻസ്പെക്ടർ സുനിൽ രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ മനു, മനീഷ് ചേർത്തല ഡി.വൈ. എസ്. പി സ്വാക്ഡ് അംഗങ്ങളായ അനീഷ്, അരുൺകുമാർ. പ്രബീഷ്, ഗിരീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.