കാല വർഷം തീരവാസികൾ ആശങ്കയിൽ
text_fieldsതുറവൂർ: കാലവർഷം അടുക്കുമ്പോൾ അരൂർ മണ്ഡലത്തിലെ തീരവാസികൾ ആശങ്കയിൽ. അന്ധകാരനഴി, ചാപ്പക്കടവ്, ചെല്ലാനം കടലോര മേഖലയിൽ കാലവർഷത്തിൽ കടൽ ക്ഷോഭം പതിവാണ്. നിരന്തരമായി കടൽക്ഷോഭത്തിൽ വലിയ നഷ്ടങ്ങൾ ഉണ്ടാകുന്ന ചെല്ലാനം കടൽതീരം ട്രൈപോഡ് ഭിത്തികൊണ്ട് സുരക്ഷിതമാക്കി. എന്നാൽ, അന്ധകാരനഴി മേഖലയിൽ കടൽ ക്ഷോഭം പതിവാണ്. ഇവിടെ പല പ്രദേശങ്ങളിലും സംരക്ഷണഭിത്തി പോലുമില്ല.
ചേർത്തല മണ്ഡലത്തിലെ അർത്തുങ്കൽ ഹാർബറിനുള്ള പുലിമുട്ട് വന്നപ്പോൾ വടക്കോട്ടുള്ള ആയിരംതൈ പ്രദേശം കടലെടുത്തു. പ്രദേശവാസികൾ പ്രക്ഷോഭം നടത്തി. അവിടം സംരക്ഷിക്കാൻ കടൽഭിത്തിയും അതിനോട് ചേർന്ന് പുലിമുട്ട് ശൃംഖലയും എന്നതായിരുന്നു ആവശ്യം. സമരസമിതിയുമായി കലക്ടറും ഇറിഗേഷൻ ഉദ്യോഗസ്ഥരും എം.എൽ.എയുടെ നേതൃത്വത്തിൽ ധാരണ ഉണ്ടാക്കി. പുലിമുട്ട് ശൃംഖല എവിടെ അവസാനിക്കുന്നുവോ അതിന് വടക്കോട്ട് കുറഞ്ഞത് ഒരു കിലോമീറ്റർ ബലവത്തായ കടൽഭിത്തി ഉണ്ടായിരിക്കണം. ഇതാണ് ശാസ്ത്രീയ മാർഗം. അധികൃതർക്ക് ഇതറിയാമെങ്കിലും അരൂർ മേഖലയിലെ കടലോരത്ത് ഇത് ശാസ്ത്രീയമായ നടക്കുന്നില്ല. അതുമൂലം ഒറ്റമശ്ശേരിയിൽ രണ്ടുവർഷം മുമ്പ് രണ്ട് വീടുകൾ കടലെടുത്തു. അപ്പോൾ താൽക്കാലിക കല്ലിടൽ നടത്തി. ഇപ്പോൾ ആ കല്ലുകളടക്കം വടക്കോട്ടുള്ള വീടുകളും കടലെടുത്തു. ഇനി ഇവിടെ പുലിമുട്ട് ശൃഖല വന്നാൽ, അതിനു വടക്കുവശം കടലെടുക്കും. അതാണ് കണ്ടുവരുന്നത്.
കാലവർഷം കടുക്കുന്നതിനു മുമ്പ് കടലോര മേഖലയിൽ ജനപ്രതിനിധികളും കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സന്ദർശനം നടത്തി ഉചിതമായ സുരക്ഷാക്രമീകരണം വരുത്തണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.