മേൽപാത നിർമാണ സ്ഥലത്തുനിന്ന് അനധികൃതമായി മണൽ കടത്തുന്നതായി പരാതി
text_fieldsതുറവൂർ: അരൂർ-തുറവൂർ ആകാശപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വ്യാപകമായി മണൽകടത്തെന്ന് പരാതി. ദേശീയപാത നിർമാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. നിർമാണ പ്രവർത്തനങ്ങൾ അധികവും നടക്കുന്നത് രാത്രിയാണ്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണാനില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
രാത്രിയുടെ മറവിൽ നിരവധി ലോറികളിലാണ് മണൽ കടത്തിക്കൊണ്ടുപോകുന്നത്. ദേശീയപാതയിൽ കുഴിയെടുത്ത് തൂണുകൾ നിർമിച്ചാണ് ആകാശപാത നിർമിക്കുന്നത്. ഇങ്ങനെ തൂണുകൾ നിർമിക്കാനായി കുഴിച്ചെടുക്കുന്ന മണലാണ് ചിലർ ലോറിയിൽ കടത്തിക്കൊണ്ടുപോകുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും തുറവൂരിൽ അനധികൃത പണമിടപാട് നടത്തി വരുന്ന ഭൂമാഫിയകളും ചേർന്നാണ് ഇത്തരത്തിൽ വൻതോതിൽ സർക്കാർ മണൽ കടത്തിക്കൊണ്ടുപോകുന്നത്.
നിയമപരമായി ദേശീയപാതയിൽനിന്ന് എടുക്കുന്ന മണൽ ഏതെങ്കിലും സ്ഥലത്ത് കൂട്ടിയിട്ട് സർക്കാറിന് കൊടുക്കേണ്ടതാണ്. എന്നാൽ, ചിലർക്ക് മണൽ എടുക്കാനുള്ള മുഴുവൻ കരാർ ലഭിച്ചെന്ന് പറഞ്ഞാണ് ലോറികളിൽ ലോഡ് കണക്കിന് മണൽ കടത്തി കൊണ്ടിരിക്കുന്നത്. ആദ്യം ഒരു ലോറിക്ക് 500 രൂപ വെച്ചാണ് കമീഷൻ പറ്റിക്കൊണ്ടിരുന്നത്.
എന്നാൽ, ഇപ്പോൾ രണ്ടായിരത്തിലധികം രൂപ വാങ്ങിച്ചു കൊണ്ടാണ് ഒരു ലോഡ് കയറ്റിവിടുന്നത്.
ഇങ്ങനെ ലഭിക്കുന്ന പണം കരാറുകാരും ഉദ്യോഗസ്ഥരും മണൽകടത്തുന്നവരും ചേർന്ന് വീതിച്ചെടുക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞദിവസം കടത്തിക്കൊണ്ടുപോയ മണൽ പൂച്ചാക്കൽ പൊലീസ് പിടികൂടിയെങ്കിലും രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് കേസെടുക്കാതെ വിട്ടുകൊടുക്കുകയാണ് ചെയ്തതെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.