ഉയരപ്പാത നിർമാണം ഒരു വർഷത്തോടടുക്കുന്നു; 45 തൂണുകൾ പൂർത്തിയായി
text_fieldsതുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ഒന്നാം വർഷത്തോട് അടുക്കുമ്പോൾ 45 തൂണുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി. 12.75 കിലോമീറ്റർ ദൂരത്തിൽ ആകെ നിർമിക്കേണ്ടത് 354 തൂണുകളാണ്. മൂന്നു വർഷമാണ് നിർമാണ കരാർ കാലാവധി.
നിലവിലെ നാലുവരി ദേശീയപാതക്ക് നടുവിൽ 9.5 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന ഒറ്റത്തൂണിലാണ് ഉയരപ്പാത. പൂർത്തീകരിച്ച 45 തൂണുകളിൽ ആറ് തൂണുകളിൽ പിയർ ക്യാപ്പിങ്ങിന്റെ കോൺക്രീറ്റ് കഴിഞ്ഞു. ഇവക്ക് മുകളിൽ ബീമുകളും ഗർഡറുകളും സ്ഥാപിക്കുന്നതിനായുള്ള രണ്ട് ലോഞ്ചിങ് ഗാൻട്രികൾ തുറവൂരിലും അരൂരിലും സ്ഥാപിച്ചുകഴിഞ്ഞു. അഞ്ച് ലോഞ്ചിങ് ഗാൻട്രിയാണ് ദേശീയ പാതക്ക് കുറുകെ സ്ഥാപിക്കുന്നത്. ഇതിൽ മൂന്ന് ലോഞ്ചിങ് ഗാൻട്രികൾ സ്ഥാപിക്കുന്നത് അവസാന ഘട്ടത്തിലാണ്.
നിലവിൽ തുറവൂർ-കുത്തിയതോട്, എരമല്ലൂർ-ചന്തിരൂർ, ചന്തിരൂർ-അരൂർ എന്നീ മൂന്ന് റീച്ചുകളിലാണ് ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. നാലുവരിപ്പാതയുടെ ഇരുവശത്തുമായി കാലുകൾ ഉറപ്പിച്ച് പാതക്ക് കുറുകെ നിൽക്കുന്ന കൂറ്റൻ സംവിധാനമാണിത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയം ക്രമീകരിച്ച് റിമോട്ടിലാണ് ഇതിന്റെ പ്രവർത്തനം. 50 ടൺ വരെ ഭാരം താങ്ങാൻ കഴിയുന്നവയാണ് ലോഞ്ചിങ് ഗാൻട്രി.
ഒരോയിടത്തും ഇത്തരത്തിലൊന്ന് സ്ഥാപിക്കാൻ ചുരുങ്ങിയത് മൂന്ന് കോടി രൂപ വേണ്ടിവരും. റെയിൽപ്പാതയ്ക്ക് സമാനമായ പാളങ്ങളിലാണ് ഇവ നിൽക്കുന്നത്. തുടർന്ന് ഓരോ തൂണിന്റെയും മുകളിൽ ബീമും പിന്നീട് ഗർഡറും സ്ഥാപിച്ചുകഴിയുമ്പോൾ ഇവ തൊട്ടടുത്ത തൂണിനരികിലേക്ക് മാറ്റും.
തൂണുകൾക്ക് മുകളിൽ സ്ഥാപിക്കേണ്ട ഗർഡറുകളുടെ നിർമാണം ചേർത്തലയിലാണ് നടക്കുന്നത്. 24 മീറ്റർ വീതിയിൽ നിർമിക്കുന്ന ഗർഡറുകളാണ് കൂറ്റൻ ക്രെയിനിൽ നിർമാണസ്ഥലത്തെത്തിച്ച് ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെ മുകളിൽ എത്തിക്കുക.
ഈ പ്രവർത്തനം ആരംഭിക്കുന്നതോടെ 4.5 മീറ്ററിൽ കൂടുതൽ ഉയരമുള്ള വലിയ വാഹനങ്ങളും 5.5 മീറ്റർ വീതിക്ക് മുകളിലുള്ള വാഹനങ്ങളും അരൂരിനും തുറവൂരിനും ഇടയിൽ കടത്തിവിടില്ല. 1668.50 കോടി രൂപക്ക് പാത നിർമിക്കാമെന്നതാണ് കരാർ. ഇത്തരം ജോലികളിൽ വൈദഗ്ധ്യമുള്ള 300 ഓളം തൊഴിലാളികളാണ് രാപകലില്ലാതെ ജോലിചെയ്യുന്നത്. നിർമ്മാണ സാമഗ്രികൾ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.