ഉയരപ്പാത നിർമാണം പരാതികൾ പരിഹരിക്കാൻ കരാർ കമ്പനി തയാറാകുന്നില്ല
text_fieldsതുറവൂർ: തുറവൂർ - അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികൾ ഒന്നും പരിഹരിക്കാൻ നിർമാണ കമ്പനി അധികൃതർ തയാറാകുന്നില്ല. ഇതെ ചൊല്ലി പരാതികളുയരുന്നു.
കോടംതുരുത്ത് പ്രദേശത്തെ ദേശീയപാതയിൽ ഉയരപ്പാതയുടെ തൂണ് സ്ഥാപിക്കുമ്പോൾ വലിയ അളവിൽ പുറന്തള്ളുന്ന പൈലിങ് പിറ്റിലെ ചളിവെള്ളം റോഡിലേക്ക് പമ്പ് ചെയ്തു വിടുന്നത് അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും ഇടയാക്കുന്നുണ്ടെന്ന് പരാതി വ്യാപകമായതിനെ തുടർന്ന് കോടംതുരുത്ത് ഫാത്തിമ മാതാ ചർച്ചിന് സമീപം ഹൈവേ പൊളിച്ച് അടിയിലൂടെ പൈപ്പ് ഇടുന്നതിന് കമ്പനി അധികൃതർ തയാറായി. റോഡ് പൊളിച്ച് പൈപ്പിട്ടത് മൂലം വാഹനങ്ങൾ തകർന്ന റോഡിലൂടെ നിരങ്ങിയാണ് നീങ്ങുന്നത്. ഇതുമൂലം ഇവിടെ ഗതാഗത സ്തംഭനം നേരിടുകയാണ്. റോഡിന് തകരാറില്ലാതെ തന്നെ റോഡിന്റെ അടിയിലൂടെ പൈപ്പ് സ്ഥാപിക്കാൻ അശോക ബിൽഡ് കോൺ എന്ന കമ്പനിക്ക് കഴിയുമെന്നിരിക്കെ റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിച്ചത് നാട്ടുകാരോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ശക്തമാണ്. കോടംതുരുത്തിലെ സ്കൂളിന് സമീപം ഉണ്ടായിരുന്ന വെള്ളക്കെട്ട് മാറ്റാൻ ഇവിടെ കൊണ്ടുവന്നിരുന്ന പമ്പ് സെറ്റ് എടുത്തു മാറ്റിയിട്ടുണ്ട്.
അരൂർ ഗ്രാമപഞ്ചായത്ത് മെംബർമാർ എല്ലാവരും കരാർ കമ്പനി അധികൃതരെ നേരിൽ വിളിച്ച്, നിർമാണം മൂലം നാട്ടുകാർക്കുള്ള കഷ്ടതകളെ കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നു. ഉടൻ പരിഹാരം ഉണ്ടാക്കാം എന്ന് പഞ്ചായത്ത് പ്രതിനിധികൾക്ക് ഉറപ്പും നൽകി. എന്നാൽ, സർവിസ് റോഡ് ടാർ ചെയ്യാനുള്ള നീക്കങ്ങൾ ഒന്നും നടക്കാത്തത് പ്രതിഷേധം വർധിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.