ഇവിടെ അപകടം പതിയിരിക്കുന്നു; നാല് മാസത്തിനിടെ ഒമ്പത് മരണം
text_fieldsതുറവൂർ: ദേശീയപാതയിൽ ഒറ്റപ്പുന്ന മുതൽ ചമ്മനാട് വരെ നാലുവരിപ്പാതയിൽ അപകടങ്ങൾ തുടർക്കഥ. ജനുവരി മുതൽ ഏപ്രിൽ വരെ നാലുമാസത്തിനിടെ 86 അപകടത്തിൽ ഒമ്പതുപേരുടെ ജീവൻ പൊലിഞ്ഞു.
സൈക്കിളിൽ സഞ്ചരിക്കവേ തടിലോറിയിടിച്ച് ഹോട്ടൽ ജീവനക്കാരൻ കുത്തിയതോട് പഞ്ചായത്ത് 10ാം വാർഡ് പൂമംഗലത്ത് വീട്ടിൽ പി. സുരേഷ് (കുട്ടൻ -50) മരിച്ചതാണ് അവസാനത്തെ അപകടം.
ദേശീയപാതയിൽ പുത്തൻചന്ത പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. പട്ടണക്കാട്, കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് അപകടങ്ങൾ കൂടുതലാണ്. 13 കി.മീ. ദൈർഘ്യമുള്ള ഈ ഭാഗത്ത് 12 ബ്ലാക്ക് സ്പോട്ടാണുള്ളത്. അപകടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ബ്ലാക്ക് സ്പോട്ട് രേഖപ്പെടുത്തിയത്.
ചമ്മനാട്, കുത്തിയതോട് പാലത്തിന് തെക്കേ മീഡിയൻ, എൻ.സി.സി കവല, ആലക്കാപറമ്പ്, പുത്തൻചന്ത, പത്മാക്ഷിക്കവല, പൊന്നാംവെളി, പട്ടണക്കാട്, പുതിയകാവ്, തങ്കിക്കവല, ഒറ്റപ്പുന്ന എന്നിവയാണ് ബ്ലാക്ക് സ്പോട്ടുകൾ. പട്ടണക്കാട് സ്റ്റേഷൻ അതിർത്തിയിലാണ് ഒറ്റപ്പുന്ന. ചമ്മനാട് കുത്തിയതോട് സ്റ്റേഷൻ അതിർത്തിയിലും.
ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് അമിതവേഗം പാടില്ലെന്ന മുന്നറിയിപ്പ് അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. നാലുചക്ര വാഹനങ്ങൾക്ക് 90 കി.മീ. വേഗവും ഇരുചക്രവാഹനങ്ങൾക്ക് 65 കി.മീ. വേഗവുമാണ് അനുവദനീയം.
ഇതു പാലിക്കാത്ത വാഹനയാത്രികരെ പിടികൂടാൻ മീഡിയനിൽ സ്ഥാപിച്ച കാമറകൾ കൂടാതെ ഇന്റർസെപ്റ്റർ സംഘവും ഹൈവേ പൊലീസും പരിശോധന നടത്തുന്നുണ്ട്. വാഹനയാത്രികർ സ്വയംനിയന്ത്രണം പാലിക്കണമെന്നാണ് പൊലീസിന്റെ നിർദേശം. റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാർ അപകടത്തിൽപെടുന്നത് നിത്യസംഭവങ്ങളാണ്. സീബ്രവരകളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുകയും നടക്കുമ്പോൾ പരമാവധി റോഡിൽനിന്നിറങ്ങി നടക്കാൻ ശ്രമിക്കുകയും വേണം. സൈക്കിൾ യാത്രികർ സൈക്കിളിന്റെ മുന്നിലും പിന്നിലും റിഫ്ലക്ടറുകൾ ഘടിപ്പിക്കണം. സൈക്കിളുകൾ പരമാവധി റോഡിൽനിന്നിറക്കി ചവിട്ടണമെന്നും നിർദേശമുണ്ട്. ഇതൊക്കെ പലപ്പോഴും ലംഘിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.