ജില്ല പഞ്ചായത്ത് കേരളോത്സവം: ഒന്നാം സ്ഥാനക്കാരെ രണ്ടാമതാക്കി; രാത്രി വൈകി തിരുത്ത്
text_fieldsതുറവൂർ: കേരളോത്സവ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനെ രണ്ടാം സ്ഥാനത്താക്കിയത് വിവാദമായി. ഞായറാഴ്ച രാത്രിയേറെ കഴിഞ്ഞ് ബഹളവും തർക്കവും അവസാനിച്ചപ്പോൾ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനെ ഓവറോൾ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചു. ആദ്യം വിജയിയായി പ്രഖ്യാപിച്ചത് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനെയാണ്. പട്ടണക്കാട് വെച്ച് നവംബർ 23, 24 ,25, 26 തീയതികളിൽ നടന്ന ജില്ല കേരളോത്സവത്തിന്റെ ഫലമാണ് മണിക്കൂറുകൾ അനിശ്ചിതത്വത്തിലായത്.
കേരളോൽസവത്തിന്റെ നേതൃത്വം കൊടുത്ത യുവജന ക്ഷേമ ബോർഡ് അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് അനിശ്ചിതത്വം ഉണ്ടായതെന്ന് വിജയികൾ പറഞ്ഞു. വിജയികളുടെ ഫലം പോലും കൃത്യമായി ദിവസവും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും എൽ.പി സ്കൂളിലുമായി നടന്ന മത്സരങ്ങളിൽ ഫലം വന്ന വിവരങ്ങൾ കൃത്യമായി ശേഖരിക്കാനോ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കാനോ യുവജനക്ഷേമ ബോർഡിന് കഴിഞ്ഞില്ല.
സംഘാടകര് എന്ന നിലയിൽ പട്ടണക്കാട് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും മത്സരാർഥികളും ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെയും നിഷേധാത്മക നിലപാടാണ് യുവജനക്ഷേമ ബോർഡ് കൈക്കൊണ്ടതെന്ന് പരാതിയുണ്ട്. സമ്മാനദാനം നടക്കേണ്ട ഞായറാഴ്ച തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനാണ് 550 പോയന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പെന്ന് അറിയിച്ചപ്പോൾ തന്നെ തർക്കം തുടങ്ങി.
പോയൻറ് നില കാണിക്കണമെന്നും ഇല്ലെങ്കിൽ സമ്മാനം വാങ്ങില്ലെന്നും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ നിലപാടെടുത്തു. പട്ടണക്കാട് ബ്ലോക്കിന് 446 പോയൻറുമായി രണ്ടാം സ്ഥാനമാണെന്നാണ് ആദ്യം അറിയിപ്പുണ്ടായത്. രണ്ടാം സ്ഥാനത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് വാങ്ങാൻ പട്ടണക്കാട് തയാറായില്ല.
സമ്മേളന വേദിയിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും കയറിയതുമില്ല. തർക്കത്തിന് ഒടുവിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം ഫലപ്രഖ്യാപന പട്ടിക പട്ടണക്കാട് ബ്ലോക്ക് അധികൃതർക്ക് നൽകാൻ സംഘാടകർ തയാറായി. തുടർന്നുണ്ടായ പരിശോധനയിലാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് 446 പോയന്റും തൈക്കാട്ടുശ്ശേരി ബ്ലോക്കിന് 296 പോയന്റും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, നടപടികളെല്ലാം പൂർത്തീകരിച്ചു സംഘാടകർ സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.
രാത്രിയിലും പ്രതിഷേധം കനത്തപ്പോഴാണ് കൃത്രിമം നടന്നെന്ന് അംഗീകരിക്കാൻ സംഘാടകർ തയാറായത്. ജില്ലാ പഞ്ചായത്ത് ഭരണാധികാരികൾ ഈ പ്രശ്നം ഗൗരവമായെടുത്ത് പരിശോധിക്കുകയും നിലവിലെ ചാമ്പ്യന്മാർ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആണെന്നും സമ്മാനങ്ങൾ എല്ലാം തിരിച്ച് ജില്ല പഞ്ചായത്തിൽ ഏൽപ്പിക്കണമെന്ന് മുൻ വിജയികളോട് പറയുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മത്സരാർത്ഥികളും ജനപ്രതിനിധികളും പുലർച്ച ഒരു മണി കഴിഞ്ഞിട്ടും സമ്മേളന വേദിയിൽ തന്നെ ഇതിന്റെ തീരുമാനം അറിയുന്നതിന് വേണ്ടി കാത്തിരിന്നു. ജില്ല പഞ്ചായത്തിലെ വേദികളിൽ വച്ച് സമ്മാനങ്ങൾ പട്ടണക്കാട് ബ്ലോക്കിന് കൈമാറുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.