അരൂരിലെ ഭാരവാഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയിൽ പൊട്ടിത്തെറി
text_fieldsതുറവൂർ: ഭാരവാഹി തെരഞ്ഞെടുപ്പിനെ തുടർന്ന് അരൂരിൽ ബി.ജെ.പിയിൽ പൊട്ടിത്തെറി. ഭൂരിപക്ഷം പ്രവർത്തകരുടെ തീരുമാനം അട്ടിമറിച്ച് സംഘ്പരിവാർ നേതൃത്വം നിയോജക മണ്ഡലം ഭാരവാഹികളെ തീരുമാനിച്ചതാണ് പ്രശ്നത്തിനു കാരണം.
കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയുടെ വോട്ട് ഗണ്യമായി കുറഞ്ഞതും തെരഞ്ഞെടുപ്പിനുവേണ്ടി പിരിച്ച പണം ചിലർ വീതിച്ചെടുത്തെന്ന ആരോപണവും പാർട്ടിയിലും സംഘ്പരിവാർ സംഘടനയിലും വൻ ചർച്ചയായി. ഇപ്പോഴും ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിനും മറ്റും ഉപയോഗിച്ച വാഹനങ്ങളുടെയും ഹോട്ടലുകളുടെയും തുക കൊടുത്തുതീർക്കാത്തത് പാർട്ടിക്ക് നാണക്കേടായതായി പ്രവർത്തകർ ആരോപിക്കുന്നു.
പാർട്ടി നേതൃത്വം കൊടുത്ത പീലിങ് തൊഴിലാളി സമരം മത്സ്യസംസ്കരണ ശാല ഉടമകൾക്കുവേണ്ടി അട്ടിമറിച്ചതും നാണക്കേട് ഉണ്ടാക്കി. നേതൃത്വം വൻതുക വാങ്ങിയാണ് ഈ സമരം അട്ടിമറിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സമരങ്ങളിൽനിന്ന് അരൂർ നിയോജക മണ്ഡലം കമ്മിറ്റി പിന്നോട്ട് പോയത് ബി.ജെ.പിയുടെ സംസ്ഥാനതലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്.
മന്ത്രി കെ.ടി. ജലീലിന് അന്വേഷണ ഏജൻസിയുടെ മുന്നിൽ ഹാജരാകാൻ കാർ വിട്ടുനൽകിയ അരൂരിലെ വ്യവസായിയുടെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽനിന്ന് മുതിർന്ന നേതാക്കൾ വിട്ടുനിന്നു.
തുടർന്നുള്ള സമരങ്ങളിൽനിന്ന് യുവമോർച്ചയെ ചില നേതാക്കൾ ഇടപെട്ട് തടഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന തുറവൂർ സ്വദേശിയെ സംരക്ഷിക്കാൻ ഒരു ആർ.എസ്.എസ് നേതാവ് നേരിട്ടിറങ്ങിയെന്ന ആരോപണവും ശക്തമാണ്. വൻതുക വാങ്ങി അന്വേഷണം അട്ടിമറിച്ചതായും പറയുന്നു. ബി.ജെ.പി നേതാക്കളുടെ സമ്മർദത്തെ തുടർന്ന് ഇദ്ദേഹത്തെ സംഘടന ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്.
ബി.ജെ.പിയുടെയും സംഘ്പരിവാർ സംഘടനകളുടെയും ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന നേതൃത്വത്തിന് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ആയിരത്തോളം പാർട്ടി പ്രവർത്തകർ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.