ഉയരപ്പാത: ദേശീയപാത വീതികൂട്ടി ടാർ ചെയ്യില്ലെന്ന് സൂചന
text_fieldsതുറവൂർ: തുറവൂർ - അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ഗതാഗതം അനുവദിക്കുന്ന ഭാഗം വീതി കൂട്ടി ടാർ ചെയ്യുമെന്ന് അധികൃതർ സമ്മതിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതയില്ലെന്ന് സൂചന.
പരാതി ഏറിയതോടെ ദേശീയപാതയിൽ നിന്ന് പൊടി ഉയരാതിരിക്കാൻ ഇടക്കിടക്ക് വെള്ളം വാഹനങ്ങളിൽ തളിക്കുന്നുണ്ട്. നിലവിൽ വാഹനങ്ങൾ ഓടുന്ന ഭാഗം വീതി കൂട്ടാനും ടാർ ചെയ്യാനും കരാറിൽ വ്യവസ്ഥയില്ലെന്നാണ് കരാർ കമ്പനിക്കാരുടെ വാദം. എന്നാൽ ജന വികാരം പരിഗണിച്ച് വീതി കൂട്ടാനും ടാർ ചെയ്യാനും തയാറല്ലെന്ന് തുറന്നുപറയാൻ അധികൃതർ മുതിരുന്നുമില്ല.
ഉയരപ്പാത നിർമാണത്തിന് വേണ്ടി ഇപ്പോൾ നടക്കുന്നത് തൂണുകൾ സ്ഥാപിക്കുന്ന ജോലിയാണ്. തുറവൂർ മേഖലയിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികളും കുറെ നടന്നിട്ടുണ്ട്. നിർമാണം ആരംഭിച്ച നാൾ മുതൽ നാലുവരിപ്പാതയുടെ മീഡിയൻ ഉൾപ്പെടെ ഇരുമ്പ് ഷീറ്റ് കൊണ്ട് മറച്ചു കൈവശപ്പെടുത്തിയാണ് കരാർ കമ്പനി നിർമാണ പ്രവൃത്തികൾ തുടരുന്നത്. ഇരുഭാഗത്തെയും ബാക്കിയായ ദേശീയപാത മാത്രമാണ് ഗതാഗതത്തിനായി അനുവദിച്ചത്.
ഭീമൻ തൂണുകൾ സ്ഥാപിക്കുമ്പോൾ പുറത്തേക്ക് വരുന്ന മണ്ണും ചെളിയും ദേശീയപാതയിൽ നിക്ഷേപിക്കുന്നത് വാഹനങ്ങൾ തെന്നുന്നതിന് കാരണമാകുന്നുണ്ട്. ബാരിക്കേഡുവച്ച് പരിമിതപ്പെടുത്തിയ റോഡിലൂടെയുള്ള വാഹനങ്ങളുടെ തിങ്ങിനിരങ്ങിയ യാത്ര സമരങ്ങൾക്കും പരാതികൾക്കും ഇടയാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ബാക്കിയായ ദേശീയപാത വീതി കൂട്ടി ടാർ ചെയ്യണമെന്ന അഭിപ്രായമുയർന്നത്. ദേശീയപാത കഴിഞ്ഞുള്ള ഫുട്പാത്ത് മെറ്റലും മറ്റുമിട്ട് ഉറപ്പിച്ച് റോഡ് നിർമാണത്തിന് ആവശ്യമായ ബിറ്റുമിൻ മിശ്രിതം ഇട്ട് ഉറപ്പിക്കുകയാണ് കരാറുകാർ ചെയ്തിരുന്നത്.
മഴ മാറിയാൽ ഉടൻ ടാർ ചെയ്യുമെന്നാണ് ജനങ്ങളും ജനപ്രതിനിധികളും വിചാരിച്ചിരുന്നത്.
വീതി കൂട്ടി ടാർ ചെയ്യുന്നതിന് കോടികൾ ചെലവ് വരുമെന്നതിനാലാണ് നിർമാണ കമ്പനി അതിന് തയാറാവാത്തതെന്നാണ് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.