വേലിയേറ്റം ശക്തം; തീരമേഖലയിൽ വീടുകൾ വെള്ളത്തിൽ
text_fieldsതുറവൂർ: വേമ്പനാട്ട് കായലിൽ വേലിയേറ്റം ശക്തമായതിനെത്തുടർന്ന് തീരമേഖലയിലെ നൂറുകണക്കിന് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. അരൂർ മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ തീരമേഖലകളിലുള്ള നൂറുകണക്കിന് വീടുകളാണ് വെള്ളത്തിലായത്. പുലർച്ചയാണ് വേലിയേറ്റം ആരംഭിക്കുന്നത്. നിമിഷങ്ങൾക്കകം ജലനിരപ്പ് ഉയർന്നു. ജീവിതംതന്നെ നിലക്കുന്ന നിലയിലാണെന്ന് തീരവാസികൾ പറയുന്നു. കുടിവെള്ളത്തിനും പ്രാഥമികകാര്യങ്ങൾക്കും വെള്ളക്കെട്ട് തടസ്സമാണ്. ജോലിക്ക് പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും വേലിയേറ്റം ദുരിതമായി. കായൽ തീരങ്ങളും വലിയ തോടുകളുടെ കരകളും കൽക്കെട്ടുകളും പാടശേഖരങ്ങളിലെ പുറംബണ്ടുകളും കവിഞ്ഞാണ് വെള്ളം ഒഴുകിയെത്തുന്നത്. കൈവഴികളും പാടങ്ങളും തോടുകളുമെല്ലാം വേലിയേറ്റത്താൽ നിറയുന്ന സ്ഥിതിയാണ്. വീടുകളുടെ അടിത്തറ കവിഞ്ഞും വെള്ളം കയറുന്നുണ്ട്. മിക്ക വീടുകളും ഇടിഞ്ഞു താഴുകയും ഭിത്തികൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. വേലിയിറക്ക സമയത്ത് മണൽ ഒലിച്ചുപോയി മുറ്റം ചളിക്കുഴമ്പായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ്. ചിലർ പതിനായിരങ്ങൾ മുടക്കി മുറ്റം മണ്ണിട്ടുയർത്തി. എന്നാൽ, കൂലിപ്പണിക്കാരായ സാധാരണക്കാർ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
ദുരിതമനുഭവിക്കുന്ന വീടുകൾക്ക് മുന്നിൽ മണ്ണ് നിറക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കായൽ തീരങ്ങളിലും പാടശേഖരങ്ങളിലും കൽക്കട്ട് നിർമിക്കണമെന്നാണ് തീരവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.