ഉയരപ്പാത നിർമാണം; തൊഴിലാളികളുടെ താമസസ്ഥലത്ത് മാലിന്യമടിയുന്നു
text_fieldsതുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിന്റെ പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നു. ഇത് റോഡിലേക്ക് ഒഴുക്കുന്നത് നാട്ടുകാർക്കും ദുരിതമാകുന്നു. ദുരിതപൂർണമായ ചുറ്റുപാടിലാണ് തൊഴിലാളികൾ താമസിക്കുന്നത്. ഞായറാഴ്ച പൊലീസ് നടത്തിയ ചർച്ചയിൽ മാലിന്യ പ്രശ്നം പരിഹരിക്കാമെന്ന് കമ്പനി അധികൃതർ പറഞ്ഞിട്ടുണ്ട്.
കോടംതുരുത്ത് പി.എസ് ഫെറി റോഡിനരികിലാണ് ലേബർ ക്യാമ്പ്. തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെ മാലിന്യ പ്രശ്നം മാസങ്ങൾക്കു മുൻപും പരാതിക്കിടയായിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ ഇതിനെതിരെ രംഗത്ത് എത്തിയപ്പോൾ ചില നിബന്ധനകൾ അംഗീകരിച്ചിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതായതിനെ തുടർന്ന് ഇപ്പോഴും ലേബർ ക്യാമ്പ് വൃത്തിഹീനമാണ്.
ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇവരിൽ പലരും ഡെങ്കിപ്പനി മൂലം ചികിത്സയിലുമാണ്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ ആശങ്കയിലാണ്. സ്ഥല ഉടമയെ തെറ്റിദ്ധരിപ്പിച്ച് 100 പേർക്ക് താമസിക്കാനാണെന്ന് സമ്മതിച്ച് കരാറുണ്ടാക്കിയിട്ട് 250 ഓളം പേരാണ് താമസിക്കുന്നത്. ഉയരപ്പാത നിർമാണത്തിനു വേണ്ടി പാവപെട്ട ഇതര സംസ്ഥാനതൊഴിലാളികളുടെ നരകതുല്യമായ ജീവിതസാഹചര്യങ്ങൾ പരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തുന്നില്ല. ഇവരുടെ ദുരിതം പലപ്പോഴും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മാലിന്യ പ്രശ്നം രൂക്ഷമായപ്പോൾ അയൽവാസികളും നാട്ടുകാരും സംഘടിച്ച് പ്രതിഷേധിച്ചു. തൊഴിലാളികളെ കൊണ്ടുവന്ന് താമസിപ്പിച്ച കമ്പനി അധികൃതർ ഇടപെട്ടു. കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ വിഷയം ഞായറാഴ്ച ചർച്ച ചെയ്തു.
കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേത്യത്വത്തിൽ രാവിലെ നടന്ന ചർച്ചയിൽ 25,000 ലിറ്ററിന്റെ സെപ്റ്റിക് ടാങ്ക് പണിയുന്നതിന് തീരുമാനമായി. രണ്ടു മൂന്നു ദിവസം കൂടുമ്പോൾ മറ്റു മാലിന്യങ്ങൾ നീക്കം ചെയ്യാനും തൊഴിലാളികൾ സമ്മതിച്ചു. അഴുക്കുവെള്ളം പുറത്തേക്ക് ഒഴുകുന്ന മതിലിന്റെ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യാനും നടപടി ഉണ്ടാകണമെന്ന് പരിസരവാസികൾ പറഞ്ഞു. തീരുമാനങ്ങൾ ഉടൻതന്നെ നടപ്പാക്കാമെന്ന് കരാർ കമ്പനി അധികൃതർ പൊലീസ് സ്റ്റേഷനിൽ എഴുതിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.