ഉയരപ്പാത നിർമാണം: ശാസനകൾക്ക് കുറവില്ല, യാത്രാദുരിതങ്ങൾക്കും
text_fieldsതുറവൂർ : അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലെ യാത്രക്കാരുടെ ദുരിതങ്ങൾക്കറുതിവരുത്താൻ ഗൗരവതരമായ ഇടപെടലുകൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഹൈകോടതി പലതവണ ശാസനകൾ നൽകിയിട്ടും ഫലമില്ല. അരൂർ - തുറവൂർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ കലക്ടർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഹൈകോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. റോഡിലെ യാത്രാദുരിതത്തിന് അറുതിയില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചതിനെ തുടർന്നാണ് വീണ്ടും നിർദ്ദേശം നൽകിയത്. മേൽപ്പാത നിർമാണം നടക്കുന്ന സ്ഥലത്ത് 3.5 മീറ്റർ വീതിയിൽ സഞ്ചാരയോഗ്യമായ റോഡ് വേണമെന്നാണ് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടത്. അരൂർ, ചന്തിരൂർ മേഖലയിൽ വെള്ളക്കെട്ട് മൂലമുള്ള ദുരിതം ഏറുകയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അരൂർ - തുറവൂർ ആകാശപ്പാത നിർമാണ മേഖലയിൽ മരണ കാരണമാകുന്ന അപകടങ്ങൾ വർധിക്കുന്നതായി പൊലീസ് തന്നെ ഹൈകോടതിയിൽ സമ്മതിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നയിടത്ത് ഗതാഗത നിയന്ത്രണത്തിന് നടപടിയെടുക്കാമെന്നും, നിർമാണാവശിഷ്ടങ്ങൾ യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നത് തടയുമെന്നും, നിർമാണ സ്ഥലങ്ങളിൽ ഒഴുകി പരക്കുന്ന രാസദ്രാവകങ്ങൾ നീക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് നിർദ്ദേശം കൊടുക്കുമെന്നും കഴിഞ്ഞദിവസം കുത്തിയതോട് പൊലീസ് ഹൈകോടതിയിൽ നേരിട്ട് ഹാജരായി അറിയിച്ചിരുന്നു.
നിർമാണ മേഖലയിലെ സർവിസ് റോഡുകളും കാനകളും കാര്യക്ഷമമാക്കാൻ ദേശീയപാത അതോറിറ്റി അധികൃതരോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് എഴുപുന്ന സൗത്ത് സ്വദേശി ലിജിൻ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവായത്. ഇതിനുപുറമേ മന്ത്രിമാരുടെയും, ജനകീയ സമിതി നേതാക്കളുടെയും, ജനപ്രതിനിധികളുടെയും നിർദ്ദേശങ്ങളും ദിനംപ്രതി ഉണ്ടാകുന്നുണ്ടെങ്കിലും, സുരക്ഷിത യാത്ര ദേശീയപാതയിൽ സാധ്യമാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ എല്ലാസമയത്തും ഉണ്ടാകുന്നില്ലെന്നും വിമർശനമുണ്ട്. അറ്റകുറ്റപ്പണികൾ പോലും കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കാൻ നിർമാണ കമ്പനി ഒരുക്കമല്ലെന്നാണ് ജനകീയ സമിതി നേതാക്കൾ പറയുന്നത്. ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്താൻ പോലും തയ്യാറായിട്ടില്ല. ചന്തിരൂരിൽ നിർമാണ ഭാഗമായി ചെറിയ മെറ്റലിൽ സിമൻറ് ചേർത്ത് മിശ്രിതമാക്കി റോഡിൽ വിതറുകയാണ് ചെയ്തത്. വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ, പൊടി ഉയരുന്നത് യാത്രികർക്ക് ഇരട്ടിദുരിതമാണ് സമ്മാനിക്കുന്നത്. വെള്ളിയാഴ്ച രാത്രിയും ചന്തിരൂരിൽ വെള്ളക്കെട്ടിലെ കുഴിയിൽ കാറിന്റെ ടയർ താഴ്ന്ന് യാത്ര മുടങ്ങി. വാഹനങ്ങൾ ദേശീയപാതയിൽ തകരാറിലാകുന്നത് നിത്യമാകുന്നുണ്ട്. കോടതികളുടെ ശാസനകളെയും അധികാരികളുടെ ഉത്തരവുകളെയും അവഗണിച്ച് മുന്നേറാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.