ജപ്പാൻ ശുദ്ധജല പദ്ധതി; പൈപ്പ് പൊട്ടൽ ആവർത്തിക്കുന്നത് സമ്മർദം മൂലം
text_fieldsതുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ജപ്പാൻ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് അമിത സമ്മർദം മൂലമെന്ന് അധികൃതർ. ശുദ്ധജല വിതരണം തടസ്സപ്പെടാതിരിക്കാൻ ഉയരപ്പാത നിർമാണം തുടങ്ങുന്നതിന് മുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ ഏകദേശം 25 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി ജലഅതോറിറ്റി വിഭാഗം ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു.
നാലുവരിപ്പാതയോട് ചേർന്ന് കിഴക്കുഭാഗത്തുകൂടി പോകുന്ന 450 എം.എം.ജി.ആർ.പി പൈപ്പ് മാറ്റി പകരം ഡറ്റൈൽ അയൺ (ഡി.ഐ) പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ പരിഹാരമാകൂവെന്നാണ് ജലഅതോറിറ്റി അറിയിച്ചിരുന്നത്. ഇത്രയും തുകക്ക് ജോലി ഏറ്റെടുക്കാൻ കരാറുകാർ തയാറായില്ല. ഈ തർക്കമാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് തടസ്സം. ഉയരപ്പാതയുടെ നിർമാണം തുടങ്ങിയതിന് ശേഷം 18 തവണയാണ് പൈപ്പ് പൊട്ടിയത്. ഗതാഗതക്കുരുക്കൊഴിവാക്കാൻ താൽക്കാലികമായി പാതയുടെ ഇരുവശത്തും 1.5 മീറ്റർ വീതി കൂട്ടി. ഈ ഭാഗത്തു കൂടെയാണ് പൈപ്പുകൾ പോകുന്നത്.
പൈലിങ് ജോലികളുടെ സമയത്തും വാഹനങ്ങൾ സഞ്ചരിക്കുമ്പോഴും പൈപ്പിനുണ്ടാകുന്ന സമ്മർദമാണ് പൈപ്പ് പൊട്ടാൻ കാരണമാകുന്നത്. ഒരുതവണ പൈപ്പ് പൊട്ടിയാൽ ദിവസങ്ങൾ വേണം അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ. മാത്രമല്ല ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലവും പാഴാകും. തൈക്കാട്ടുശേരി ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നു തുറവൂർ, കുത്തിയ തോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.