കോടംതുരുത്തിൽ കായലും തോടുകളും കൈയേറുന്നു
text_fieldsതുറവൂർ: കായലും പൊതുതോടും കൈയേറുന്നതിനെതിരെ പ്രദേശവാസികൾ. കോടംതുരുത്ത് പഞ്ചായത്തിൽ എട്ടാം വാർഡിലാണ് പൊതുതോട് കൈയേറിയത്. വാർഡിന്‍റെ കിഴക്കൻ പ്രദേശമായ ഷാപ്പ് കടവിനരികിൽ ഏക്കറുകണക്കിന് സ്ഥലം വാങ്ങിയവർ തീരസംരക്ഷണ നിയമം പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് പഞ്ചായത്ത്, റവന്യൂ അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഒത്താശ കൈയേറ്റത്തിനു ഉണ്ടെന്നും ആരോപണമുണ്ട്.
വേലിയേറ്റസമയത്ത് ഉപ്പുവെള്ളം കയറാതിരിക്കാൻ ഓരുമുട്ട് കഴിഞ്ഞ കുറെവർഷങ്ങളായി സ്ഥാപിക്കാറുണ്ടായിരുന്ന തോടാണിത്. കഴിഞ്ഞ വർഷകാലത്ത് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വീടുകളിൽ വെള്ളം കയറിയത് ഈ വാർഡിലാണ്. മഴപെയ്താൽ പൊതുതോടുകളും പൊതുവഴികളും വെള്ളത്തിലാകുന്ന സ്ഥിതിയുണ്ടാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
കായലിൽനിന്ന് ഉപ്പുവെള്ളം കയറുന്ന പ്രദേശമാണിത്. കായൽ കൈയേറ്റവും പൊതുതോട് കൈയേറ്റവും പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. സാധാരണക്കാരും കൂലിവേലക്കാരും മത്സ്യത്തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണിത്. റിയൽ എസ്റ്റേറ്റ് ശക്തികൾ നടത്തുന്ന കൈയേറ്റങ്ങൾ തടയാൻ റവന്യൂ അധികൃതരും പഞ്ചായത്ത് അധികാരികളും രംഗത്തുവരണമെന്ന് നാട്ടുകാരുടെ പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.