ക്ഷീരസംഘങ്ങളിൽ സ്വകാര്യ കമ്പനികളുടെ ആധിപത്യം; മിൽമ കമ്പനി നിലനിർത്താൻ തൊഴിലാളികൾ സമരത്തിൽ
text_fieldsതുറവൂർ: പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറി പടിക്കൽ 21 ദിവസമായി തൊഴിലാളികൾ സമരത്തിൽ. പ്രതിസന്ധി നീക്കി കമ്പനി നല്ലനിലയിൽ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഉൽപാദനം വൻതോതിൽ കുറച്ചതോടെ സ്വകാര്യ കമ്പനികൾ കാലിത്തീറ്റ മേഖലയിൽ ആധിപത്യം ഉറപ്പിക്കുകയാണ്.
ഉൽപാദനം കൂട്ടി പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്പനി അടച്ചുപൂട്ടും. വർധിച്ച ഉൽപാദനം ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികൾ ജോലി തടസ്സപ്പെടുത്താതെയുള്ള പ്രതിഷേധത്തിലാണ്.
മിൽമയുടെ കേരളത്തിലെ ഏറ്റവും വലിയ കാലിത്തീറ്റ ഫാക്ടറിയാണ് പട്ടണക്കാടുള്ളത്. കുറച്ചുകാലം മുമ്പുവരെ 400 മെട്രിക് ടൺവരെ കാലിത്തീറ്റ ഉൽപാദിപ്പിച്ചിരുന്നു. മൂന്ന് ഷിഫ്റ്റിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നു.ഇപ്പോൾ 100 മെട്രിക് ടൺപോലും ഉൽപാദനമില്ല. ഇത് 300 തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഫാക്ടറിയിലെ അറ്റാച്ച്ഡ് വിഭാഗത്തിലുള്ള 115 തൊഴിലാളികളാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. 3200ഓളം വരുന്ന ക്ഷീരസംഘങ്ങളിൽ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വിൽപന നടത്താനുള്ള അംഗീകാരം നൽകിയതാണ് കമ്പനിക്ക് വിനയായത്.
സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള നടപടിയാണ് മാനേജ്മെന്റ് നടത്തുന്നതെന്നാണ് ആരോപണം. ദിനംപ്രതി 5000 ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തിരുന്ന സ്ഥാനത്തിപ്പോൾ 1000 ചാക്കുപോലും ഉൽപാദിപ്പിക്കുന്നില്ല.
കോടികൾ ചെലവിട്ട് നിർമിച്ച തവിട് സൈലോ പ്ലാന്റും പ്രവർത്തനക്ഷമമല്ലാതായി. സർക്കാറിന്റെയും മിൽമ ഭരണസമിതിയുടെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഫാക്ടറി പൂട്ടുന്ന അവസ്ഥയിലെത്തും. ജൂലൈ ഒന്നിന് ആരംഭിച്ച സമരത്തിൽ കമ്പനിയിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ഉൾപ്പെടെ ആറ് തൊഴിലാളി യൂനിയനുകൾ പങ്കെടുക്കുന്നുണ്ട്.
1989ൽ രണ്ടുതരം കാലിത്തീറ്റ ഉൽപാദിപ്പിക്കുന്നതിനായി തുടങ്ങിയതാണ് കമ്പനി. ഇപ്പോൾ ഒരുതരം കാലിത്തീറ്റ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ക്ഷീര കർഷകർക്ക് സബ്സിഡി നൽകിയാൽ മാത്രമേ കാലിത്തീറ്റ കർഷകർ വാങ്ങുകയുള്ളൂ.
250 രൂപ ക്ഷീരകർഷകർക്ക് സബ്സിഡി നൽകി മലമ്പുഴയിൽ പൊതുമേഖലയിൽ മിൽമയുടെ കാലിത്തീറ്റ കമ്പനി നിലനിർത്തിയിട്ടുണ്ട്. 25ന് മന്ത്രി ചിഞ്ചു റാണി സമരം ചെയ്യുന്ന തൊഴിലാളികളെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.