മന്ത്രി നടപടിക്ക് നിർദേശിച്ചു; ജഗദമ്മക്ക് ഇലക്ട്രിക് വീൽചെയർ കിട്ടും
text_fieldsതുറവൂർ: ആരോഗ്യമന്ത്രിയുടെ കനിവ് ജഗദമ്മക്ക് താങ്ങാകും. കഴിഞ്ഞദിവസം തുറവൂർ ഗവ. ആശുപത്രിയിലെ സന്ദർശനത്തിനിടയിലാണ് കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡിലെ കൊട്ടിപ്പള്ളി നികര്‍ത്തില്‍ വീട്ടില്‍ ജഗദമ്മയുടെ സങ്കടകഥ കേൾക്കാനിടയായത്. മക്കള്‍ ഇല്ല. ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുകയും അച്ഛനും സഹോദരന്മാരും മരണപ്പെടുകയും ചെയ്തു. പീലിങ് തൊഴിലാളിയായി ഒരു ചെമ്മീന്‍ ഷെഡില്‍ ജോലി ചെയ്യുന്നതിനിടക്ക് കാലിന് മുറിവേല്‍ക്കുകയും പ്രമേഹത്തെ തുടര്‍ന്ന് പഴുപ്പ് കയറി കാല് മുറിച്ചുനീക്കേണ്ടിയും വന്നു. രണ്ടാമത്തെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് തുറവൂർ ഗവ. ആശുപത്രിയിലേക്ക് എത്തിയതായിരുന്നു ജഗദമ്മ. സഹോദരിയുടെ മകനാണ് ഇപ്പോള്‍ ആശ്രയമായുള്ളത്.
ജഗദമ്മയുടെ സാഹചര്യങ്ങള്‍ കേട്ട മന്ത്രി സര്‍ക്കാര്‍ ചെലവില്‍ കൃത്രിമ കാല്‍വെച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ഡോ. റൂബിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ മന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി കാര്യങ്ങള്‍ തിരക്കി. ജില്ല പഞ്ചായത്തിന്റെ ഇലക്ട്രിക് വീല്‍ചെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പരസഹായം ഇല്ലാതെ കൈവിരല്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഇലക്ട്രോണിക് വീല്‍ചെയറാണ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.