മുൻകരുതലില്ല; ഉയരപ്പാത നിർമാണം അപകടങ്ങൾക്ക് കാരണമാകുന്നെന്ന്
text_fieldsതുറവൂർ: വേണ്ടത്ര മുൻകരുതലില്ലാതെയുള്ള ഉയരപ്പാത നിർമാണം അപകടങ്ങൾക്ക് കാരണമാകുന്നതായി ആക്ഷേപം. ബാരിക്കേഡ് സ്ഥാപിച്ച് റോഡിലൂടെ വാഹനങ്ങൾക്ക് കഷ്ടിച്ച് പോകാവുന്ന വിധത്തിലാക്കി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്.
അരൂർ -തുറവൂർ ദേശീയപാതയിൽ നിരവധി സ്ഥലത്താണ് ബാരിക്കേഡ് വെച്ച് വീതികുറച്ച് കഷ്ടിച്ച് രണ്ടുവരി വാഹനങ്ങൾക്ക് കടന്നുപോകുന്ന വിധത്തിലാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സമയത്ത് ടാങ്കർ ലോറി സ്കൂട്ടറിൽ തട്ടി സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിക്കാനിടയായത് ഉയരപ്പാത നിർമാണത്തിലെ മുൻകരുതലില്ലായ്മ മൂലമാണെന്ന് ആക്ഷേപമുണ്ട്.
നിർമാണം പുരോഗമിക്കുന്നതിനു മുമ്പ് വാഹനങ്ങൾ കടത്തിവിടാനുള്ള സൗകര്യം വർധിപ്പിക്കുകയാണ് വേണ്ടിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യങ്ങൾ പരിശോധിക്കാൻകൂടിയാണ് കലക്ടർ ഹരിത വി. കുമാർ കഴിഞ്ഞദിവസം നിർമാണ പുരോഗതി നടക്കുന്ന സ്ഥലത്ത് നേരിട്ട് എത്തിയത്. നിർമാണം നടക്കുന്ന സ്ഥലത്തിന് അരക്കിലോമീറ്റർ മുമ്പുതന്നെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്. എന്നാൽ, ഇതുണ്ടായിട്ടില്ല. നിർമാണ കമ്പനി കലക്ടർ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ പാലിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള വലിയ വാഹനങ്ങൾ ഹൈവേയുടെ നിർമാണം അറിയാതെ കടന്നുവരുന്നത് അപകടങ്ങൾക്ക് കാരണമാകും.
10 ഡ്രില്ലിങ് മെഷീൻ എത്തിച്ച് നിർമാണം ദ്രുതഗതിയിലാക്കണമെന്നാണ് കലക്ടർ നിർദേശിച്ചിട്ടുള്ളത്. വടക്കുനിന്നു വരുന്ന വലിയ വാഹനങ്ങൾ അരൂർ അമ്പലം ജങ്ഷനിൽനിന്നു അരൂക്കുറ്റി വഴി തുറവൂർ ജങ്ഷനിലേക്ക് എത്തണമെന്നാണ് തീരുമാനം. ഇതിനായി ദിശാ ബോർഡുകൾ സ്ഥാപിക്കും. എന്നാൽ, റോഡിന് വീതി ഇല്ലാത്ത ഭാഗങ്ങളിൽ കൂട്ടാനും നിർമാണ പ്രവർത്തനങ്ങൾ നടത്താനും നടപടി ഉണ്ടായിട്ടില്ല. ചേർത്തല, ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാക്കേക്കടവിൽ എത്തി തുറവൂർ ഭാഗത്തേക്ക് തിരിയാതെതന്നെ ചേർത്തല ഭാഗത്തേക്ക് വിടാൻ പൊലീസ് സഹായം ആവശ്യമായി വരും. തുറവൂരിൽനിന്നു കുമ്പളങ്ങി റോഡിലേക്ക് തിരിച്ചുവിടുന്ന ദീർഘദൂര - വലിയ വാഹനങ്ങൾക്ക് വഴിതെറ്റാതിരിക്കാൻ ദിശാ ബോർഡുകളും ആവശ്യമായി വരും.
തുറവൂർ -കുമ്പളങ്ങി റോഡ് വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം പലസ്ഥലത്തും തകർന്നു കിടക്കുകയാണ്. റോഡുകൾ അടിയന്തരമായി നന്നാക്കണമെന്ന് കലക്ടർ നിർദേശിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.