തുറവൂർ താലൂക്ക് ആശുപത്രിക്ക് വേണം 'അടിയന്തര ചികിത്സ'
text_fieldsതുറവൂർ: തുറവൂർ സർക്കാർ ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച ബഹുനില കെട്ടിടമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. 12വർഷം മുമ്പ് താലൂക്ക് ആശുപത്രിയായി ഉയർത്തിയതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ വർധിപ്പിക്കാത്തതാണ് പ്രശ്നം. സ്പെഷാലിറ്റി ഡോക്ടർമാരുൾപ്പടെ 36 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് ഏഴ് ഡോക്ടർമാരുടെ മാത്രം സേവനമാണ്.
ഇവിടത്തെക്കാൾ കുറവ് രോഗികൾ ചികിത്സക്കെത്തുന്ന ചേർത്തല താലൂക്ക് ആശുപത്രിയിൽ 25ലധികം ഡോക്ടർമാരുണ്ട്. തുറവൂർ ആശുപത്രിയിലേക്ക് നിയമിക്കപ്പെടുന്ന ഡോക്ടർമാരിൽ പലരും സ്ഥലംമാറ്റം വാങ്ങിയോ ലീവെടുത്തോ പോവുകയാണ് പതിവ്. പല ദിവസങ്ങളിലും ഒ.പി വിഭാഗത്തിൽ രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ആശുപത്രി അരൂർ നിയോജകമണ്ഡലത്തിലെ തീരദേശ മേഖലയിലെ അടക്കം സാധാരണക്കാരുടെ ഏക ആശ്രയമാണ്. താൽക്കാലിക പരിഹാരത്തിന് എൻ.എച്ച്.എമ്മിൽനിന്ന് കൂടുതൽ ഡോക്ടർമാരെ അനുവദിച്ചുതരണമെന്നുകാണിച്ച് ആശുപത്രി അധികൃതർ കത്ത് നൽകിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറാണ് ഡ്യൂട്ടിയിലുള്ളത്.
നിത്യേന ശരാശരി 400പേർ അത്യാഹിത വിഭാഗത്തിൽ എത്താറുണ്ട്. അടുത്തിടെ ആരംഭിച്ച ഹൈടെക് പ്രസവ വിഭാഗത്തിൽ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. നിത്യേന 200ഓളംപേർ ഈ വിഭാഗത്തിൽ ഒ.പിയിലെത്തുന്നുണ്ട്. അതേസമയം, തുറവൂർ ഗവ. ആശുപത്രിയെ താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തതിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ സർക്കാറാണ് അനുവദിക്കേണ്ടതെന്നും പ്രശ്നപരിഹാരത്തിന് ജില്ല മെഡിക്കൽ ഓഫിസ് ആശുപത്രിക്ക് വേണ്ട സഹായം ചെയ്തുവരികയാണെന്നും ഡി.എം.ഒ ഡോ. ജമുന വർഗീസ് അറിയിച്ചു. തുറവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുമെന്ന് ദലീമ ജോജോ എം.എൽ.എയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.