ഉയരപ്പാത നിർമാണാവശിഷ്ടം തള്ളൽ; ജനം തെരുവിലിറങ്ങി; രണ്ട് ലോറികൾ മടക്കിയയച്ചു
text_fieldsഉയരപ്പാത നിർമാണ സ്ഥലത്തെ ചെളിയും കോൺക്രീറ്റും രമേശ് ബാബുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്കൊഴുകിയപ്പോൾ
തുറവൂർ: ദേശീയപാതയിലെ ഉയരപ്പാത നിർമാണസ്ഥലത്തെ അവശിഷ്ടങ്ങൾ വഴിയിൽ തള്ളുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. വീട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അവശിഷ്ടങ്ങൾ തള്ളാതെ രണ്ടുലോറികൾ മടങ്ങിപ്പോയി. ദേശീയപാതയിൽ തുറവൂർ ജങ്ഷന് തെക്ക് ആലയ്ക്കാപറമ്പിലെ ബിജു എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പാടത്തും പഞ്ചായത്ത് റോഡിലുമാണ് ഒരു മാസമായി ചെളിയും കോൺക്രീറ്റുമുൾപ്പടെയുള്ള അവശിഷ്ടങ്ങൾ തള്ളുന്നുണ്ട്.
ഇത് തുടക്കത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുമുണ്ടാക്കിയിരുന്നില്ല. എന്നാൽ പാടം നിറയാൻ തുടങ്ങിയതോടെ അവശിഷ്ടം കരകവിയാൻ തുടങ്ങി. ഇത് സമീപത്തെ പുരയിടങ്ങളുടെ മതിലുകൾ മറിക്കുന്ന നിലയിലേക്ക് മാറിയെന്ന് മാത്രമല്ല, റോഡുകളിലേക്കും ഒഴുകിത്തുടങ്ങി. ഇത് ജനങ്ങളുടെ സഞ്ചാരത്തിന് തടസ്സമായി. തുറവൂർ -അരൂർ ഉയരപ്പാതയുടെ പൈലിങ് സ്ഥലത്തെ വെള്ളത്തിന്റെ അംശം കൂടിയ കുഴമ്പു രൂപത്തിലെ ചെളി,തൂണുകളുടെയും മേൽതട്ടുകളുടെയും നിർമാണത്തിനുശേഷമുള്ള അവശിഷ്ടങ്ങൾ എന്നിവയാണ് പാടത്ത് തള്ളുന്നത്.
കഴിഞ്ഞദിവസം അവശിഷ്ടങ്ങളുമായി വന്ന രണ്ടു ലോറികൾ സമീപവാസിയായ രമേശ് ബാബുവിന്റെ നേതൃത്വത്തിൽ തടഞ്ഞു. പിന്നീട് കരാറുകമ്പനി അധികൃതർ സ്ഥലത്തെത്തി ബാബുവുമായി ചർച്ച നടത്തി.
പാടത്തിന്റെ ഉടമയുടെ സമ്മതമില്ലാതെയാണ് അവശിഷ്ടം തള്ളുന്നതെന്നാണ് ബാബു ഉദ്യോഗസ്ഥരോട് പറഞ്ഞത്. അവശിഷ്ടം തള്ളൽ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് മനസിലാക്കി ലോറികൾ മടക്കിയയക്കുകയായിരുന്നു. എന്നാൽ, പാടം നികന്നുകിട്ടാൻ ഉടമയുടെ സമ്മതത്താലാണ് അവശിഷ്ടം തള്ളുന്നതെന്നാണ് കമ്പനി അധികൃതർ നൽകുന്ന സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.