ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ദാഹം തീർക്കാനാകാതെ അരൂരുകാർ
text_fieldsതുറവൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടായിട്ടും അരൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല.
പദ്ധതിയെത്തുമ്പോൾ അധികാരികൾ പറഞ്ഞിരുന്നത് ഗുണനിലവാരമുള്ള ജലം യഥേഷ്ടം ജനങ്ങൾക്ക് ലഭിക്കുമെന്നായിരുന്നു. ജില്ലയിലെ ചേർത്തല മുനിസിപ്പാലിറ്റിക്കും ചേർത്തല തെക്ക്, പള്ളിപ്പുറം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, പെരുമ്പളം, അരൂർ, എഴുപുന്ന, കുത്തിയതോട്, തുറവൂർ, തെക്ക് പട്ടണക്കാട്, വയലാർ, കടകരപ്പള്ളി, കോടംതുരുത്ത്, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട പദ്ധതി പൂർത്തിയാകുമ്പോൾ ഏഴ് ലക്ഷത്തോളം ജനങ്ങൾക്ക് കുടിവെള്ളം പ്രാപ്യമാകുമെന്ന് കരുതിയിരുന്നു.
വേനൽ കടുത്തതോടെ അരൂർ മേഖലയിലെ തീരദേശത്തെയടക്കം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. പണം നൽകിയാണ് പലരും വെള്ളം വാങ്ങുന്നത്. അടിക്കടിയുണ്ടായ പൈപ്പ് തകരാറുകൾ ജനങ്ങളെ വലക്കുകയാണ്. കഴിഞ്ഞദിവസം പൈപ്പിനുണ്ടായ തകരാർ പരിഹരിച്ചെങ്കിലും ജലവിതരണം സാധാരണഗതിയിലാകാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
അരൂർ - തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമാണം പലപ്പോഴും കുടിവെള്ള വിതരണ പൈപ്പിന് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ദിവസങ്ങൾ നീളുന്ന അറ്റകുറ്റപ്പണികൾ അക്ഷരാർത്ഥത്തിൽ അരൂർ മേഖലയിലെ ജനങ്ങളുടെ കുടിവെള്ളം പാടെ മുട്ടിക്കുന്നു.
ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടാതിരിക്കാൻ മുൻകരുതൽ കരാറുകാരും ജല അതോറിറ്റി അധികൃതരും കൃത്യമായി സ്വീകരിച്ചാൽ അരൂർ മേഖലയിൽ ഉണ്ടാകുന്ന പൈപ്പ് തകരാറുകൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുടിവെള്ളത്തിനു വേണ്ടി ജനങ്ങളുടെ നിരന്തരമായ മുറവിളികൾക്കൊടുവിലാണ് ജപ്പാൻ പദ്ധതിയുടെ വരവ്. പിറവത്തിനടുത്ത് കളമ്പൂർ കടവാണ് പദ്ധതിയുടെ മുഖ്യ സ്രോതസ്സ്. ഇവിടെ നിന്ന് തൈക്കാട്ടുശ്ശേരിയിലെ ജല ശുദ്ധീകരണ ശാലയിലെത്തിക്കുന്ന ജലം പഞ്ചായത്തുകളിൽ സ്ഥാപിച്ച ഉന്നതതല ജലസംഭരണികളിലേക്കും അവിടെ നിന്ന് വിതരണ കുഴലുകൾ വഴി ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതാണ് കുടിവെള്ള വിതരണ പദ്ധതി.
708 മീറ്റർ നീളത്തിൽ വേമ്പനാട്ട് കായലിനുകുറുകെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്ഥാപിച്ച 900 മില്ലി മീറ്റർ വീതം വ്യാസമുള്ള സമാന്തര ജലവാഹിനി കുഴലുകൾ ഈ പദ്ധതിയുടെ പ്രത്യേകതയാണ്. 2003ൽ ഔദ്യോഗിക ഉദ്ഘാടനം നടത്തിയെങ്കിലും ജലവിതരണം യാഥാർഥ്യത്തിലെത്താൻ പിന്നെയും വർഷങ്ങൾ വേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.