വലിയ വള്ളങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
text_fieldsതുറവൂർ: കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന 20 അടിയിൽ കൂടുതൽ നീളമുള്ള വള്ളങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ മത്സ്യത്തൊഴിലാളികൾ. 20 മീറ്ററിലധികം നീളമുള്ള ഇൻബോർഡ് വള്ളങ്ങളെ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് ഒഴിവാക്കിയ നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
50 മുതൽ 80 വരെ തൊഴിലാളികൾ ഉപജീവനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങൾ വ്യക്തികൾ വാങ്ങുന്നതല്ല. മത്സ്യത്തൊഴിലാളികൾ അയൽക്കൂട്ടങ്ങളും ഗ്രൂപ്പുകളും രൂപവത്കരിച്ച് ധനസമാഹരണം നടത്തിയും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പലിശക്കെടുത്തുമാണ് വള്ളം വാങ്ങുന്നത്. അപകടത്തിൽപെടുന്ന വള്ളങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചില്ലെങ്കിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലാകും. ചേർത്തല താലൂക്കിൽ കൂടുതലും ഇത്തരം വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്. താലൂക്കിൽ 50ഓളം ഇൻബോർഡ് വള്ളങ്ങൾ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷംവരെ വലിയ വള്ളങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയിരുന്നു. പ്രീമിയത്തിന്റെ സിംഹഭാഗവും സർക്കാറാണ് അടച്ചിരുന്നത്. വലിയ വള്ളങ്ങൾക്ക് അപകടങ്ങൾ കുറവായതുകൊണ്ട് ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് ഒഴിവാക്കുന്നതെന്നാണ് അറിയുന്നത്.
വലിയ തുക ചെലവ് വരുന്ന ഇൻഷുറൻസിൽനിന്ന് സർക്കാർ മനഃപൂർവം അകലുകയാണെന്നാണ് വിമർശനം. ചെറിയ വള്ളങ്ങൾക്ക് കൂടുതൽ ഇൻഷുറൻസ് ഏർപ്പെടുത്താനാണെന്നാണ് മറ്റൊരു വാദം.
മത്സ്യത്തൊഴിലാളി സംഘടനകൾ ഫിഷറീസ് മന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം വരുംദിവസങ്ങളിൽ കടലോരത്ത് ഉണ്ടാകുമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ല പ്രസിഡൻറ് പി.ജെ. ആൻറണി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.