സംസ്കൃതസർവകലാശാല തുറവൂർ കേന്ദ്രം അവഗണനയിൽ
text_fieldsതുറവൂർ : കാൽനൂറ്റാണ്ട് പിന്നിടുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രം നഷ്ടപ്പെടുമെന്ന് ആശങ്ക. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചെരുപ്പിടാതെ കറുത്ത വസ്ത്രം ധരിച്ച് കാലടിയിൽ പ്രകടനം നടത്തി. സ്വന്തമായി കെട്ടിടവും മറ്റു സൗകര്യങ്ങളും ഇല്ലാതെ ചോർന്നൊലിക്കുന്ന തുറവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്.
1995 ജൂലൈയിൽ തുറവൂർ കലാരംഗം ഓഡിറ്റോറിയം കെട്ടിടത്തിലാണ് കോളജ് തുടങ്ങിയത്. പിന്നീട് തുറവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് എൽ.പി സ്കൂളിനോട് ചേർന്ന ദേശീയപാതയ്ക്ക് അരികിലുള്ള എൻ.പി തണ്ടാർ സ്മാരക കെട്ടിടത്തിലേക്ക് മാറ്റി.
കാൽനൂറ്റാണ്ടിനിടക്ക് എം.പി, എം.എൽ.എ, മന്ത്രിമാരടക്കം കോളജിന് സ്ഥലം കണ്ടെത്താൻ വളരെ പരിശ്രമിച്ചു. സ്ഥലവില സംസ്ഥാനത്ത് തന്നെ ഏറ്റവുമധികമുള്ള അരൂർ മേഖലയിൽ സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നത് കോളജിന്റെ നിലനിൽപ്പിന് ഭീഷണിയായി.
ഇതിനിടെ അധികൃതരുടെ അനാസ്ഥ മൂലം കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. യു.ജി.സി എ ഗ്രേഡുള്ള കോളജാണിത്. സർവകലാശാല തന്നെ കോളജിനുള്ള സ്ഥലം കണ്ടെത്തണമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കോളജിന് കൈമാറുകയാണെങ്കിൽ പണം മുടക്കി കെട്ടിടങ്ങൾ നിർമിക്കാൻ സർവകലാശാല അധികൃതർ തയാറാണ്. നിലവിൽ എം.എ മലയാളം, എം.എ സംസ്കൃതം, എം.എസ്. ഡബ്ല്യു, ബി.എ എന്നീ കോഴ്സുകളിലായി 240 വിദ്യാർഥികൾ പഠിക്കുന്നു.
കാലടിയിലെ പ്രധാന കേന്ദ്രം കഴിഞ്ഞാൽ സംസ്കൃതം വിഷയത്തിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മികച്ച ലൈബ്രറി, ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ ലാബ് എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിലവിൽ സ്ഥലം ഇല്ലാത്തത് തൃശൂർ, തറവൂർ എന്നീ കേന്ദ്രങ്ങൾക്കാണ്.
തൃശൂരിൽ ഇത്തവണ കോഴ്സുകളൊന്നും അനുവദിച്ചിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന അധ്യാപകരെ കാലടി പ്രധാന കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്. ഇവിടെയും അതു തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.