രൗദ്രഭാവം പൂണ്ട് കടൽ; ഉറക്കമില്ലാതെ തീരവാസികൾ
text_fieldsതുറവൂർ: പാതിരാത്രിയിൽ കള്ളനെപ്പോലെ ഇരച്ചെത്തിയ കടൽ തിരമാലക്ക് മുന്നിൽ വിറങ്ങലിച്ച് തീരദേശ ജനത. രണ്ട് ദിവസമായി രാത്രിയിൽ അതിശക്തമായ കടലാക്രമണമാണ് ഒറ്റമശ്ശേരി മുതൽ പള്ളിത്തോട് വരെയുള്ള തീരപ്രദേശത്ത്.
നൂറുകണക്കിന് വീടുകളിലാണ് കടൽവെള്ളം ഇരച്ചുകയറിയത്. തീരദേശ റോഡിന് പടിഞ്ഞാറുവശത്തുള്ള മിക്ക വീടുകളിലും പറമ്പുകളിലും കയറിയ വെള്ളം ഇറങ്ങിയിട്ടില്ല.
പകൽ കടലാക്രമണം രൂക്ഷമല്ലെങ്കിലും അനിയന്ത്രിതമായ രീതിയിൽ ചെളിയും മാലിന്യങ്ങളും വീടുകളിലും പറമ്പുകളിലും കെട്ടിക്കിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ അതിശക്തമായ ശബ്ദത്തോട് കൂടിയാണ് തിരമാല ഇരച്ചുകയറുന്നത്.
കടൽഭിത്തി ഇല്ലാത്ത മേഖലയിലാണ് രൂക്ഷമായി കടൽ കരയിലേക്ക് കയറുന്നത്. തീരദേശ റോഡിന് പടിഞ്ഞാറ് ഭാഗത്ത് മിക്ക സ്ഥലങ്ങളിലും കാന ഇല്ലാത്തതുമൂലം ഒഴുകിയെത്തുന്ന മലിനജലം ഒഴുകി പോകാൻ മാർഗമില്ല. ഇതുമൂലം നിരവധി വീടുകളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.
പലസ്ഥലങ്ങളിൽനിന്നും വെള്ളം പമ്പ് ചെയ്ത് കളഞ്ഞെങ്കിലും ചെറിയ കുടിലുകളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അന്ധകാരനഴിക്ക് വടക്ക് കടൽഭിത്തി ഉണ്ടെങ്കിലും ഇവ തകർന്നുകിടക്കുന്നത് മൂലം കടൽ ഭിത്തിയുടെ മുകളിലൂടെ തിരമാല കരയിലേക്ക് ഇരച്ചുകയറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.