പ്രഖ്യാപിച്ച ധനസഹായം നൽകിയില്ല; കുടുംബങ്ങളെ വട്ടം കറക്കി പട്ടികജാതി വികസന ഓഫിസ്
text_fieldsതുറവൂർ (ആലപ്പുഴ): പട്ടണക്കാട് ബ്ലോക്ക് പട്ടികജാതി-വർഗ വികസന ഓഫിസ് മുഖേന നൽകേണ്ട ധനസഹായം കിട്ടാതെ ഗുണഭോക്താക്കൾ. 2012 മുതൽ വിവിധ പദ്ധതികളിലായി മുടങ്ങിയ വീടുകളുടെ പണി പൂർത്തീകരണത്തിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായമാണ് ഇനിയും കിട്ടാത്തത്. ലൈഫ്മിഷൻ പദ്ധതി വരുന്നതിന് മുമ്പ് തുച്ഛമായ തുക നൽകിയ സ്കീമുകളിൽ വീടുകൾ ലഭിച്ചവർക്കാണ് അവയുടെ നിർമാണം പൂർത്തീകരിക്കാനാവാത്തത്.
ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലെ 267കുടുംബങ്ങളാണ് പട്ടികജാതി-വർഗ വികസന വകുപ്പ് നൽകുന്ന ധനസഹായം പ്രതീക്ഷിച്ചിരിക്കുന്നത്. നേരത്തേ 75,000 മുതൽ 2,10,000 രൂപ ധനസഹായമായി ലഭിച്ച ഗുണഭോക്താക്കൾക്കാണ് പ്രഖ്യാപിത 1.5 ലക്ഷം രൂപയുടെ സഹായം ഇനിയും കിട്ടാത്തത്.
സർക്കാർ നിർദേശിച്ച അളവിൽ വീട് പണി പൂർത്തിയാക്കണമെങ്കിൽ നാല് മുതൽ ആറ് ലക്ഷം രൂപ വേണ്ടി വരും. ഈ സാഹചര്യത്തിലാണ് മുൻ മന്ത്രി എ.കെ. ബാലൻ 1.5 ലക്ഷം രൂപ വീതം അർഹതയനുസരിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം, ഈ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ കഴിയാഞ്ഞതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി അറിയിച്ചു. എന്നാൽ, പരാതിയുടെ കൂമ്പാരമാണ് ഈ വിഭാഗത്തിലെ ഗുണഭോക്താക്കൾ ഉന്നയിക്കുന്നത്.
75,000 മുതൽ 2,10,000 രൂപ വരെ ലഭിക്കേണ്ട പലർക്കും പൂർണമായും ഈതുക നൽകിയിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 1,80,000 ലഭിച്ചവർ ബാക്കി തുകയ്ക്കായി സമീപിച്ചപ്പോൾ തുക മുഴുവൻ നിങ്ങൾ കൈപ്പറ്റിയെന്ന് പറഞ്ഞ് മടക്കി അയച്ചതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.