തീരമേഖലയിൽ കുടിവെള്ളമില്ല; കുടിനീരിനായി നെട്ടോട്ടം
text_fieldsതുറവൂർ: ജലക്ഷാമം രൂക്ഷമായതോടെ തീരമേഖലകളിൽ ജനം കുടിനീരിനായി നെട്ടോട്ടത്തിൽ. കാലിക്കുടങ്ങളുമായി വീട്ടമ്മമാർ സമരത്തിന്. കുത്തിയതോട് പഞ്ചായത്തിൽ ഒന്ന്, 16 വാർഡുകളിലും തുറവൂർ പഞ്ചായത്തിന്റെ 16, 17 വാർഡുകളിലുമാണ് കുടിനീർപ്രശ്നം അതിരൂക്ഷം.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം ശരിയായ തോതിൽ ലഭിക്കുന്നില്ല. ഗാർഹിക കണക്ഷനുകളിലൊന്നും വെള്ളം ലഭിക്കാതായതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി റോഡരികിലെ പൊതുടാപ്പുകളെയാണ് ജനം ആശ്രയിക്കുന്നത്. എന്നാൽ ഇവയിലും വെള്ളം ലഭിക്കാതായതോടെ ജനജീവിതം അക്ഷരാർഥത്തിൽ ദുരിതത്തിലായി. പലരും പണം നൽകിയാണ് ശുദ്ധജലം വാങ്ങുന്നത്. രാത്രിയിലും പകലുമായി പൈപ്പിന് മുന്നിൽ കാത്തിരിന്നിട്ടും ഒരുകുടം വെള്ളം പോലും ലഭിക്കുന്നില്ലെന്ന് പള്ളിത്തോട്ടിലെ വിട്ടമ്മമാർ പറഞ്ഞു. ശുദ്ധജലം ശരിയായ രീതിയിൽ ലഭിക്കാത്തതിനാൽ മാസങ്ങളായി ജനം ഇവിടെ പ്രതിഷേധത്തിലാണ്. പള്ളിത്തോട്, തുറവൂർ പഞ്ചായത്തിലെ ഇണ്ടംതുരുത്തിലും വടക്കേക്കാട് കോളനിയിലും സമാനമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമേ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് തകരാർ മൂലം കുടിവെള്ളം ദിവസങ്ങളോളം മുടങ്ങുന്നത് ദുരിതം ഇരട്ടിയാക്കിയിരുന്നു. ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തുറവൂർ കുത്തിയതോട് പഞ്ചായത്തുകളിൽ ഒരുജലവിതരണ ടാങ്കാണുള്ളത്. ഇതിൽ നിന്നും ഇരുപഞ്ചായത്തുകളിൽ മുഴുവനും വെള്ളം എത്തിക്കാൻ കഴിയാത്തതാണ് ജലക്ഷാമം അതിഗുരുതരമായി തുടരാൻ കാരണം. തീരമേഖലയിൽ പള്ളിത്തോട് ആശുപത്രി വളപ്പിൽ ഒരുകുടിവെള്ള ടാങ്ക് പണിയണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
വേനൽ കടുക്കുന്നതിനു മുമ്പ് തന്നെ കുടിവെള്ളം എത്തിക്കാൻ സംവിധാനം ഒരുക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും പള്ളിത്തോട് നിവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.