തുറവൂരിലും വേണം ബസ് സ്റ്റാൻഡ്
text_fieldsതുറവൂർ: ദേശീയപാതയിലെ പ്രധാന ജങ്ഷനായ തുറവൂരിൽ തിരക്ക് രൂക്ഷമാണ്. ആരാധനാലയങ്ങൾ, കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽശാലകൾ, സർക്കാർ -സ്വകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തീരദേശ ഗ്രാമമാണ് തുറവൂർ. ഹൃദയഭാഗമായ തുറവൂർ കവലയും പരിസരങ്ങളും സദാ ജനത്തിരക്കേറിയതാണ്. വിദൂര സ്ഥലങ്ങളിൽനിന്ന് പോലും ദൈനംദിനം ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടെ എത്തുന്നത്.
കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് ആരംഭം കുറിക്കുന്നതും ഉത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അധീനതയിൽ പ്രവർത്തിക്കുന്ന തുറവൂർ മഹാക്ഷേത്രവും ദേശീയ പാതക്കരികിലാണ്. ഇവിടേക്ക് ഭൂരിഭാഗം പേരും ബസിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് എത്തുന്നത്.
എറണാകുളം, ആലപ്പുഴ, തോപ്പുംപടി, ചേർത്തല, തവണക്കടവ്, പൂച്ചാക്കൽ, തൈക്കാട്ടുശ്ശേരി, പള്ളിത്തോട്, കുമ്പളങ്ങി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ബസുകൾ തുറവൂരിൽ എത്തുന്നുണ്ട്. സുരക്ഷിതമായി പാർക്ക് ചെയ്യാനോ വാഹനങ്ങൾ തിരിക്കാനോ ജീവനക്കാർക്കും യാത്രക്കാർക്കും വിശ്രമിക്കാനോ പക്ഷേ സൗകര്യമില്ല.
തുറവൂരിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. തുറവൂരിൽ സർവിസ് അവസാനിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വാഹനങ്ങൾ ഇപ്പോഴും തിരക്കേറിയ ദേശീയപാതക്കരികിലാണ് പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും മാർഗതടസ്സങ്ങൾക്കും അപകടങ്ങൾക്കും വഴിയൊരുക്കുന്നു. ഇതിലെ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനോ പ്രാഥമിക ആവശ്യം നിറവേറ്റുന്നതിനോ മാർഗമില്ല.
ദീർഘദൂര ബസുകൾക്കും ഇവിടെ സ്റ്റോപ്പുണ്ട്. ഗുരുവായൂർ, പമ്പ ശബരിമലയിലേക്കും ഇവിടെനിന്ന് ബസുകൾ പുറപ്പെടുന്നു. എന്നാൽ, ഈ ബസുകൾക്ക് സൗകര്യപൂർവം പാർക്ക് ചെയ്‌ത് യാത്രക്കാരെ കയറ്റുന്നതിനോ ഇറക്കുന്നതിനോ കഴിയുന്നില്ല.
നിർദിഷ്ട പള്ളിത്തോട്-പമ്പ പാത ദേശീയപാത മുറിച്ചുകടന്ന് പോകുന്നതും തുറവൂർ കവലയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇവിടെയെത്തുന്നതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ ബസുകൾക്ക് തങ്ങുന്നതിനും സൗകര്യമായി സുരക്ഷിതത്വത്തോടെ യാത്രക്കാരെ കയറ്റിക്കൊണ്ട് പോകുന്നതിനും പര്യാപ്തമായ നിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.