ഐ.എസ്.ആർ.ഒയുടെ തലപ്പത്തേക്ക് എസ്. സോമനാഥ്: വാനോളം അഭിമാനത്തിൽ തുറവൂരും അരൂരും
text_fieldsതുറവൂർ: ഇന്ത്യയുടെ ചന്ദ്രയാൻ 2 വിക്ഷേപണ പദ്ധതിയിൽ നിർണായക പങ്കുവഹിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ കൂടിയായ തുറവൂർ സ്വദേശി എസ്. സോമനാഥ് (54) ഐ.എസ്.ആർ.ഒയുടെ പുതിയ മേധാവിയാകുന്നു. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ-തങ്കമ്മ ദമ്പതികളുടെ ഏക മകനായ സോമനാഥ് നാടിെൻറ അഭിമാനമാണ്. കുടുംബവീട് തുറവൂരാണെങ്കിലും അദ്ദേഹത്തിെൻറ പ്രാഥമിക വിദ്യാഭ്യാസം അരൂർ സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിലായിരുന്നു. തൃശൂർ വളപ്പട്ടണത്ത് സ്കൂൾ അധ്യാപകനായിരുന്ന ശ്രീധരപ്പണിക്കർ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അരൂർ സ്വദേശിനിയായ മാതാവ് തങ്കമ്മയുടെ വീട്ടിലായിരുന്നു ബാല്യകാലം. അരൂരിലെ സ്കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്രകൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്ന് ഏറെ ഉയരങ്ങളിൽ എത്തിയതിൽ ഇരുഗ്രാമവും സന്തോഷനിറവിലാണ്. എട്ടുവർഷം മുമ്പ് തുറവൂർ വളമംഗലത്തെ കുടുംബവീട്ടിൽനിന്ന് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശ്രീധരപണിക്കരെയും തങ്കമ്മയെയും തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.
ശ്രീധരപണിക്കർ മരിച്ച് ആറു മാസത്തിനുശേഷം മാതാവ് തങ്കമ്മയും മരിച്ചു. മാതാപിതാക്കൾ തിരുവനന്തപുരത്തേക്ക് പോയതോടെ ആൾ താമസമില്ലാതെയായി കുടുംബവീട്. ചൂർണിമംഗലം ഗവ. എൽ.പി സ്കൂളിൽ ഒരു ചടങ്ങിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പങ്കെടുത്തിരുന്നു.
ഉന്നത പദവിയിലാണെങ്കിലും തനിനാട്ടിൻ പുറത്തുകാരനായി ലളിതജീവിതമാണ് അദ്ദേഹം നയിക്കുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ചെറുപ്പം തൊട്ട് പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ സോമനാഥ് ശാസ്ത്രലോകത്ത് ഉന്നത ശ്രേണിയിലെത്തിയത് കഠിനാധ്വാനത്തിെൻറ ഫലമാണ്. തുറവൂരിന് ഏഴ് കിലോമീറ്റർ കിഴക്കുമാറി പൂച്ചാക്കലിലാണ് ഭാര്യ വത്സലാ ദേവിയുടെ വീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.